ഫോണ്‍ ചോര്‍ത്തല്‍ : പി ജയരാജന്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി

കണ്ണൂര്‍: തന്റെ ഫോണുകള്‍ ചോര്‍ത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആഭ്യന്തര വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി. തന്റെ വീട്ടിലും സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുപ്രവര്‍ത്തനത്തിനും വ്യക്തിഗത ആവശ്യത്തിനുമായി ഉപയോഗക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതായി തെളിഞ്ഞിട്ടുെണ്ടന്ന് പരാതിയില്‍ പറഞ്ഞു.
കഴിഞ്ഞ 3 മാസക്കാലമായി തന്റെ മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള ഫോണുകളിലൂടെയുള്ള സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതായി പലകാരണങ്ങളാലും വിശ്വസിക്കുന്നു. സി പി ഐ എമ്മിലെ മറ്റ് ചില നേതാക്കന്‍മാരുടെ ഫോണ്‍ സംഭാഷണങ്ങളും ചോര്‍ത്തുന്നതായി സംശയിക്കുന്നു. സ്വതന്ത്രവും, ജനാധിപത്യപരവുമായ പൊതു പ്രവര്‍ത്തനം ഭരണഘടന ഉറപ്പ് നല്‍കുന്നതാണ് ്. ഇന്ത്യന്‍ ഭരണ ഘടനയുടെ 21-ാം അനുഛേദത്തിന്റെ നഗ്നമായ ലംഘനമാണ് ഫോണ്‍ ചോര്‍ത്തല്‍. ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട് വകുപ്പ് 5 (2) ല്‍ വ്യവസ്ഥ ചെയ്തതും പിന്നീട് പി .യു .സി .എല്‍ ട്രേ യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസിലടക്കം നിരവധി കേസുകളില്‍ സുപ്രീംകോടതി നിഷ്‌കര്‍ഷിച്ചതുമായ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം ഉത്തരവാദപ്പെട്ട കേന്ദ്ര സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാരുടെ രേഖാമൂലമുള്ള അനുവാദം വാങ്ങി നടത്താവുന്നതാണ് ഫോണ്‍ചോര്‍ത്തല്‍ പ്രക്രിയ. അത്തരത്തിലുള്ള യാതൊരു സാഹചര്യവും ഇല്ലാതിരിക്കെ രേഖാമൂലമുള്ള അനുമതികൂടാതെ പൊതുപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തിയത്. ഇത്് മൗലികാവകാശ ലംഘനവും സ്വകാര്യതയെ കടന്നാക്രമിക്കുന്നതും സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനം തടയുന്നതുമായ ജനാധിപത്യ വിരുദ്ധ നടപടിയാണ്.
ഭാര്യയുടെ ഫോണ്‍ ചോര്‍ത്തുവാന്‍ ഭര്‍ത്താവിന് പോലും അധികാരമില്ലെന്ന് ബഹുമാനപ്പെട്ട കേരള-ഹൈക്കോടതിയും വിധിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ടോ എന്ന നിയമസഭയിലെ ചോദ്യത്തിന് “വെളിപ്പെടുത്താനാവില്ല” എന്ന ഉത്തരം നല്‍കിയതിലൂടെ ഫോണ്‍ ചോര്‍ത്തല്‍ നടക്കുന്നു എന്നതിന്റെ സ്ഥിരീകരണമാണ് മന്ത്രി നല്‍കിയത്. എന്നാല്‍ ടെലിഗ്രാഫ് ആക്ടിനും ഭരണഘടനയുടെ 21, 19 എന്നീ അനുഛേദങ്ങള്‍ക്കും സുപ്രീംകോടതി വിധികള്‍ക്കും വിരുദ്ധമായി ഫോണ്‍ ചോര്‍ത്തി നല്‍കുവാന്‍ താങ്കള്‍ക്കോ , ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥര്‍ക്കോ അധികാരമില്ലാത്തതിനാല്‍ അത്തരം പ്രവര്‍ത്തികള്‍ ശിക്ഷാര്‍ഹമാണ്. കുമ്പളയിലുള്ള ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജറുടെ അധീനതയിലുള്ള ഓഫീസില്‍ വെച്ച് ഫോണ്‍ ചോര്‍ത്തല്‍ നടക്കുന്നതായി വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ട്.
തന്റെയും മറ്റ് സി പി ഐ എം നേതാക്കളുടേയും ഫോണ്‍ സംഭാഷണം ചോര്‍ത്തുന്നതിലേക്ക് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പി ജയരാജന്‍ ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post