ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഉദ്യോഗസ്ഥരെ മദ്യം കുടിപ്പിച്ച് മയക്കി കവര്‍ച്ച; രണ്ടുപേര്‍ പിടിയില്‍

തളിപ്പറമ്പ: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ രണ്ട് ഉദ്യോഗസ്ഥരെ മദ്യം കുടിപ്പിച്ച് മയക്കി കിടത്തി രണ്ടര പവന്റെ സ്വര്‍ണ്ണമാല, മുക്കാല്‍ പവന്റെ മോതിരം, രണ്ട് മൊബൈല്‍ ഫോണുകള്‍, എ.ടി.എം. കാര്‍ഡുകള്‍ എന്നിവ കവര്‍ച്ച ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തളിപ്പറമ്പ് കുപ്പത്തെ മുട്ടുക്കാരന്‍ സിദ്ദിഖ് (34), തളിപ്പറമ്പ് സയ്യിദ് നഗര്‍ കക്കോട്ടകത്ത് പുതിയപുരയില്‍ ഇര്‍ഷാദ് (33) എന്നിവരെയാണ് വെളളിയാഴ്ച ഉച്ചയോടെ എസ്.ഐ: എ. അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ജൂണ്‍ 29ന് രാത്രിയാണ് സംഭവം. കോടതി റോഡിലെ ബാറില്‍ വച്ച് മദ്യപിക്കവേയാണ് തൃച്ചംബരം സ്വദേശികളായ ഉദ്യോഗസ്ഥരെ സിദ്ദിഖ്, ഇര്‍ഷാദ് എന്നിവര്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞ് ഇര്‍ഷാദിന്റെ മാരുതി വാഗണറില്‍ ഉദ്യോഗസ്ഥരെ കയറ്റി ഏഴാംമൈലിലെ ബാറിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് നന്നായി മദ്യപിപ്പിച്ച് മയക്കിയ ശേഷം തിരിച്ച് കാറില്‍ കൊണ്ടുവന്നായിരുന്നു കവര്‍ച്ച. അതിന് ശേഷം ഇരുവരെയും തൃച്ചംബരത്ത് ഇറക്കി സിദ്ദിഖും ഇര്‍ഷാദും രക്ഷപ്പെടുകയായിരുന്നു. എസ്.ബി.ടി, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി എന്നീ ബാങ്കുകളുടെ എ.ടി.എം കാര്‍ഡുകളാണ് തട്ടിയെടുത്തത്. എന്നാല്‍ ഇവ ഉപയോഗിച്ച് പണം പിന്‍വലിച്ചിരുന്നില്ല.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post