കണ്ണൂര്‍ മെട്രോ റെയില്‍: റാപ്പിഡ് ട്രാഫിക് പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം

കണ്ണൂര്‍ : കണ്ണൂരിലെ നിര്‍ദ്ദിഷ്ട മെട്രോ റെയില്‍ പദ്ധതിക്ക് സമാനമായി മാസ് റാപ്പിഡ് ട്രാഫിക് പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ചുവട് പിടിച്ചാണ് തിരക്കേറിയ നഗരങ്ങളില്‍ മാസ് റാപ്പിഡ് ട്രഫിക് പദ്ധതി നടപ്പിലാക്കുന്നത്. ഇതുസംബന്ധിച്ച് എ പി അബ്ദുള്ളക്കുട്ടി എം എല്‍ എയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് ഇക്കാര്യം അറിയച്ചത്.
കോഴിക്കോടിനു പുറമെ കണ്ണൂരും അതിവേഗം വളരുകയാണെന്ന കേന്ദ്രനഗരവികസന സിക്രട്ടറിയുടെ പരാമര്‍ശം അബ്ദുള്ളക്കുട്ടി മന്ത്രിയെ ധരിപ്പിച്ചു. ഇക്കാര്യം മുന്‍കൂട്ടി കണ്ട് കണ്ണൂരിലും ഇത്തരം പദ്ധതികള്‍ സംബന്ധിച്ച പഠനം നടക്കുന്നുണ്ടോയെന്ന് അബ്ദുള്ളക്കുട്ടി ആരാഞ്ഞു. ഇതിന് മറുപടിയായാണ് മന്ത്രി ആര്യാടന്‍ പഠനം നടത്താന്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയതായി അറിയച്ചത്. കൊച്ചിയില്‍ മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ 12 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ നാറ്റ്പാക്ക് റിപ്പോര്‍ട്ട് അനുകൂലമാണെങ്കില്‍ കണ്ണൂരില്‍ അധികം കാലതാമസം ഇല്ലാതെ തന്നെ പദ്ധതി നടപ്പാക്കാനാവുമെന്നും മന്ത്രി മറുപടി പറഞ്ഞതായി അബ്ദുള്ളക്കുട്ടി അറിയിച്ചു.
നാറ്റ്പാക്കിന്റെ പഠനത്തിനു ശേഷമാണ് മെട്രോ റെയില്‍ പദ്ധതി വേണോ, അല്ല മോണോ റെയില്‍ നടപ്പിലാക്കണമോയെന്ന കാര്യം തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post