പ്രത്യേകാന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ പി ജയരാജന്‍

കണ്ണൂര്‍: കെ സുധാകരന്‍ എം.പിക്കെതിരായ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കുന്ന തൃശൂര്‍ റെയ്ഞ്ച് ഐ.ജി ഗോപിനാഥന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തില്‍ വിശ്വാസമില്ലെന്നു സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. കോണ്‍ഗ്രസ്സിന്റെ വിശ്വസ്തരാണ് അന്വേഷണ സംഘത്തിലുള്ളത്. കുനിയില്‍ ഇരട്ടക്കൊലക്കേസ് അന്വേഷിച്ച ഐ.ജി ഗോപിനാഥ് എഫ്.ഐ.ആറില്‍ പ്രതിയായ യു.ഡി.എഫ് നേതാവിനെ രക്ഷിക്കുകയായിരുന്നു. ഇതുതന്നെയാണു സുധാകരനെതിരേയുള്ള പുനരന്വേഷണത്തിലും സംഭവിക്കുകയെന്നു ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പ്രമോഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കായി ഖദര്‍ പോലും ധരിക്കാന്‍ മടിക്കാത്ത പോലിസ് ഉദ്യോഗസ്ഥരെയാണ് ഇത്തരം അന്വേഷണങ്ങളുടെ ചുമതല ആഭ്യന്തര മന്ത്രി ഏല്‍പ്പിക്കുന്നത്.
കെ.പി.സി.സി ഓഫിസിലും ഡി.സി.സി ഓഫിസുകളിലും സ്ഥിരമായി കയറുന്ന പോലിസ് ഉദ്യോഗസ്ഥരുടെ കൈയില്‍ അന്വേഷണം ഏല്‍പ്പിച്ചാല്‍ കുറുക്കന്റെ കൈയില്‍ കോഴിയെ നല്‍കിയതു പോലെയാവും. അന്വേഷണത്തെക്കുറിച്ച് സര്‍ക്കാര്‍ അഭിപ്രായം ചോദിച്ചാല്‍ അപ്പോള്‍ മറുപടി പറയും. തന്റെ ശരീരത്തില്‍ വെടിയുണ്ടയുണേ്ടാ എന്നതു സുധാകരനെ പോലുള്ള ക്രിമിനലിന്റെ മുന്നില്‍ തെളിയിക്കേണ്ട ആവശ്യമില്ല. വെടിയുണ്ടയുടെ കുറച്ചുഭാഗം ചെന്നൈയിലെ മദര്‍ ആശുപത്രിയില്‍ വച്ച് നീക്കിയിരുന്നു. ബാക്കിഭാഗം മജ്ജയുമായി ചേര്‍ന്നുകിടക്കുകയാണ്. അതു നീക്കംചെയ്താല്‍ തന്റെ ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. സുധാകരനെ ഒറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന പുനരന്വേഷണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നതിനു തെളിവാണ്. അക്രമികളെ രക്ഷിക്കാനാണ് ചെന്നിത്തലയുടെ നീക്കം.
തനിക്കെതിരേയുള്ള വധശ്രമക്കേസില്‍ എഫ്.ഐ.ആറില്‍ പ്രതിയായിരുന്ന സുധാകരനെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നും ജയരാജന്‍ ആരോപിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post