കൊല നടന്ന് 133 ാം ദിവസം ഇ. അഹമ്മദ് ഷുക്കൂറിന്റെ വീട്ടിലെത്തി

തളിപ്പറമ്പ: വിവാദത്തിനൊടുവില്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യ പ്രസിഡണ്ട് ഇ. അഹമ്മദ് രക്ത സാക്ഷി ഷുക്കൂറിന്റെ വീട്ടിലെത്തി. കൊലപാതകം നടന്ന് 132 ദിവസം പിന്നിട്ട ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മുസ്‌ലിം ലീഗ് ജില്ലാ നേതാക്കല്‍ക്കൊപ്പമാണ് കേന്ദ്രമന്ത്രി കൂടിയായ ഇ. അഹമ്മദ് പട്ടുവം അരിയിലുളള ഷുക്കൂറിന്റെ വീട്ടിലെത്തിയത്. കഴിഞ്ഞ ഫെബ്രുവരി 20 ന് ഉച്ചയ്ക്കാണ് ചെറുകുന്ന് കീഴറയില്‍ വെച്ച് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. എം.എസ്.എഫ് നിയോജക മണ്ഡലം ഭാരവാഹിയായിരുന്ന ഷുക്കുന്റെ കൊലപാതകം സംസ്ഥാന തലത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും നേതാക്കളുടെ പടതന്നെ അരിയിലെ വീട്ടിലെത്തുകയും ചെയ്തിരുന്നു. മുസ്‌ലിം ലീഗിന്റെ ചരിത്രത്തിലെ ഏററവും വലിയ രക്ത സാക്ഷി ഫണ്ട് ശേഖരിച്ച് ഷുക്കൂറിന്റെ കുടുംബത്തിന് തുക പാര്‍ട്ടി കൈമാറുകയും ചെയ്തു.
സി.പി.എമ്മിന്റെ പാര്‍ട്ടി കോടതി വിചാരണ ചെയ്ത് നടപ്പാക്കിയ കൊലപാതകമെന്ന നിലയില്‍ മുസ്‌ലിം ലീഗും യു.ഡി.എഫും കൊലപാതകത്തെ രാഷ്ട്രീയ ആയുധമാക്കുകയും മന്ത്രിമാരുള്‍പ്പെടെയുളളവര്‍ ഷുക്കൂറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തുകയും ചെയ്തു. എന്നാല്‍ അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയനായ നേതാവായിരുന്നു ഇ. അഹമ്മദ്. കൊലയ്ക്ക് ശേഷം നാല് തവണ കണ്ണൂരിലെത്തിയിട്ടും ഷുക്കൂറിന്റെ വീട് സന്ദര്‍ശിക്കാന്‍ അദ്ദേഹം തയ്യാറാകാതിരുന്നത് ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. തളിപ്പറമ്പിലൂടെ കടന്നു പോയിട്ടും അരിയിലെത്താന്‍ കൂട്ടാക്കാത്ത അഹമ്മദിന്റെ നിലപാടിനെ കഴിഞ്ഞയാഴ്ച കണ്ണൂരില്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ചാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. ണായറാഴ്ച ചേര്‍ന്ന ലീഗ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പോലും ഇക്കാര്യം ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്ന് വിവാദത്തിന് വിരാമമിടാന്‍ ഒടുവില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട 133 ാം ദിനത്തിലെങ്കിലും വീട് സന്ദര്‍ശിക്കാന്‍ ഇ.അഹമ്മദ് വീട്ടിലെത്തി ഷൂക്കൂറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ തയ്യാറായത്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post