വിലയിടിവില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തും

തളിപ്പറമ്പ്: നാളികേരത്തിന്റെയും അടയ്ക്കയുടെയും വിലയിടിവില്‍ പ്രതിഷേധിച്ച് താലൂക്ക് തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ജൂലൈ നാലിനു പ്രതിഷേധ മാര്‍ച്ച് നടത്താന്‍ സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന സെക്രട്ടേറിയറ്റ്, ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ലോക വ്യാപാര കരാറിലെ ജീവനോപാധികളുടെ പട്ടികയില്‍ നാളികേരവും അടയ്ക്കയും ഉള്‍പ്പെടുത്തണമെന്നു യോഗം ആവശ്യപ്പെട്ടു.
ആഭ്യന്തര-വ്യവസായ ആവശ്യങ്ങള്‍ക്ക് 25 ശതമാനം വെളിച്ചെണ്ണ ഉപയോഗിക്കുക, ഗുണമേന്‍മയില്ലാത്ത വെളിച്ചെണ്ണയും തേങ്ങയും അന്യസംസ്ഥാനങ്ങളില്‍ നിന്നുവരുന്നതു തടയുക, കൃഷിഭൂമി ഇഎഫ്എല്ലില്‍ ഉള്‍പ്പെടുത്തി കര്‍ഷകരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക, പരമ്പരാഗതമായി കൃഷി ചെയ്യുന്ന സ്ഥലം കര്‍ഷകര്‍ക്കു വിട്ടുകൊടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു 14 മുതല്‍ 17 വരെ വിവിധ ജില്ലകളില്‍ കണ്‍വന്‍ഷനുകള്‍ നടത്തും. സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ടി.പി. മധു, കുട്ടി അഹമ്മദ് കുട്ടി, പി.പി.വി. മൂസ, എം.എസ്. മുഹമ്മദ് കുഞ്ഞി, കെ. അബ്ദുള്‍ റഹ്മാന്‍, കെ.യു. ബഷീര്‍ഹാജി, അഡ്വ. ഖാലിദ് രാജ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post