എസ്.എഫ്.ഐയും പോലീസും ഏററുമുട്ടി: മാധ്യമ പ്രവര്‍ത്തകരടക്കം നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ : സ്വാശ്രയ കരാര്‍ ബില്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ കണ്ണൂര്‍ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ഗ്രനേഡും ടിയര്‍ഗ്യാസും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ കണ്ണൂര്‍ എ എസ് ഐ ആസാദിനും ജീവന്‍ ടി വി കണ്ണൂര്‍ ജില്ലാ ലേഖകന്‍ പുഷ്പരാജടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.
മാര്‍ച്ച് അക്രമാസക്തമായതോടെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോയില്ല. ഇതേത്തുടര്‍ന്ന് ഗ്രനേഡ് ഉപയോഗിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പോലീസുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മാര്‍ച്ച് കലക്ടറേറ്റ് പരിസരത്തെത്തിയത്. കലക്‌ടേറ്റ് ഗേറ്റിനടുത്തെത്തിയപ്പോള്‍ ഒരു സംഘം പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമായി. പോലീസ് ആത്മസംയമനം പാലിച്ചെങ്കിലും സംഘര്‍ഷം മൂര്‍ച്ഛിച്ചു. ഇതിനിടയില്‍ മറ്റൊരു സംഘം ജലപീരങ്കി വരുണിന് നേരെ ഒരുസംഘം കല്ലെറിഞ്ഞു. അപ്പോഴേക്കും കലക്‌ടേറ്റ് പരിസരം യുദ്ധക്കളമായി. വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസിന് നേരെ ശക്തമായ കല്ലേറുണ്ടായി. ഇതിനിടയില്‍ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചു. വെള്ളം ചീറ്റുന്നതിനിടെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റോഡിലേക്ക് തെറിച്ചു വീണു. സംഘര്‍ഷം മൂര്‍ധന്യത്തിലെത്തിയപ്പോള്‍ ടിയര്‍ ഗ്യാസും പൊട്ടിച്ചു. തുടര്‍ന്ന് ഗ്രനേഡും.


മാര്‍ച്ച് ഡിവൈഎഫ് ഐ സംസ്ഥാന വൈസ്പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. പോലീസുകാരന് നാണംമറക്കാന്‍ നിക്കറിന് പകരം പാന്റ് വാങ്ങി നല്‍കിയ എല്‍ ഡി എഫിന്റെ വിദ്യാര്‍ത്ഥികളോടാണ് പരാക്രമമെന്ന് ദിവ്യ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വിദ്യാര്‍ത്ഥികളെ തെരുവിലിട്ട് നേരിട്ട കാക്കിയിട്ടവരുടെ മക്കള്‍ക്കടക്കം വേണ്ടിയാണ് എസ് എഫ്‌ഐ സമരം നടത്തുന്നത്. കയ്യില്‍ പുസ്തകങ്ങളും പേനയും പിടിച്ചുവന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ജലപീരങ്കി ഉപയോഗിച്ച് പേടിപ്പിക്കാമെന്ന് ധരിച്ചെങ്കിലും അതെല്ലാം അവഗണിച്ചാണ് ഇവിടെ സമരം നടത്തുന്നത്. വിദ്യാര്‍ത്ഥികളെ തെരുവിലിട്ട് പട്ടിയെ പോലെ തല്ലിക്കൊല്ലുമ്പോള്‍ അത് പിതൃസ്‌നേഹമാണെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനോട് വിദ്യാര്‍ത്ഥികള്‍ മക്കളുടെ സ്‌നേഹം പ്രകടിപ്പിച്ചാല്‍ ഏത് ആശുപത്രിയിലാണ് കിടക്കേണ്ടിവരിക എന്നറിയില്ലെന്നും ദിവ്യ പറഞ്ഞു.
കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാക്കളായ എന്‍ ചന്ദ്രന്‍, കെ.പി.സഹദേവന്‍, വയക്കാടി ബാലകൃഷ്ണന്‍,യു.പുഷ്പരാജ് എന്നിവര്‍ സ്ഥലത്തെത്തി ഡിവൈ.എസ്.പി സുകുമാരനുമായി സംസാരിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post