എസ്.എഫ്.ഐ പ്രവര്‍ത്തകരെ സ്റ്റേഷനില്‍ കയറി മോചിപ്പിച്ച സി.പി.എം നേതാക്കളുടെ വീടുകളില്‍ റൈഡ്

കണ്ണൂര്‍ : സമരത്തിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ സി.പി.എം നേതാക്കള്‍ ബലമായി കടത്തിക്കൊണ്ടു പോയി. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളായ കെ.പി.സഹദേവന്‍, വയക്കാടി ബാലകൃഷ്ണന്‍,യു.പുഷ്പരാജ് എന്നിവരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. രാവിലെ തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ നേതാക്കളുടെ താമസ സ്ഥലം റെയ്ഡ് ചെയ്യാനെത്തിയതായാണ് വിവരം. എന്നാല്‍ പോലീസിന് പിടികൊടുക്കാതെ ഇവര്‍ മാറിനിന്നിരിക്കുകയാണത്രെ.
വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ഇന്നലെ എസ്.എഫ്.ഐ സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചിനിടയിലാണ് സംഘര്‍ഷമുണ്ടായത്. പോലീസിനും ജലപീരങ്കിക്കുമെതിരെയാണ് സമരക്കാര്‍ അക്രമം നടത്തിയത്. വിദ്യാര്‍ത്ഥികളും പോലീസുദ്യോഗസ്ഥരുമുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ജല പീരങ്കി വരുണിന് നേരെയും അക്രമം നടത്തി. 25,000 രൂപയുടെ നാശനഷ്ടം വരുത്തിയെന്നതിന് പോലീസ് കസ്റ്റഡിയിലെടുത്ത മൊറാഴയിലെ കണ്ണന്റെ മകന്‍ പി.പി പ്രശോഭ്(24) എടാട്ടെ ഭാസ്‌കരന്റെമകന്‍എം. വിജില്‍(23) അരോളിയിലെ ഗംഗാധരന്റെ മകന്‍ കെ.എം സുധീഷ്(20) പാനൂര്‍ കൈവേലിക്കലിലെ ഉസ്മാന്റെ മകന്‍ ഫാസില്‍ ഉസ്മാന്‍(22) എന്നിവരെയാണ് സ്‌റ്റേഷനില്‍ നിന്ന് നേതാക്കള്‍ ബലമായി കടത്തിക്കൊണ്ടു പോയത്. ഇവരെ തടയാനോ വിദ്യാര്‍ത്ഥികളെ തടയാനോ ശ്രമിച്ചില്ലെന്നതിന് സ്‌റ്റേഷന്‍ ജി.ഡി ചാര്‍ജ് വഹിക്കുന്ന എ.എസ്.ഐ രാജന്‍, റൈട്ടര്‍ ഹരിദാസന്‍, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ ബഷീര്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്.പൊതുമുതല്‍ നശിപ്പിക്കല്‍ നിയമവുമായി ബന്ധപ്പെട്ട് പിടികൂടുന്നവര്‍ക്ക് കോടതിയില്‍ നിന്നും ജാമ്യം ലഭിക്കണമെങ്കില്‍ നഷ്ടപരിഹാരത്തുക കെട്ടി വെക്കേണ്ടതുണ്ട്. അറസ്റ്റിലാവുന്ന വിദ്യാര്‍ത്ഥികളെ പുറത്തിറക്കണമെങ്കില്‍ പോലീസ് വാഹനം തകര്‍ത്തതിന് ഭീമമായ സംഖ്യ കോടതിയില്‍ കെട്ടി വെക്കേണ്ടിവരും. നേരത്തെ ഡി.വൈ.എഫ് .ഐ പ്രവര്‍ത്തകര്‍ കലക്ടറേറ്റിനും പോലീസ് സ്‌റ്റേഷനും നേരെ അക്രമം നടത്തിയ സംഭവത്തില്‍ പതിനഞ്ച് ലക്ഷത്തിലേറെ രൂപ കോടതിയില്‍ കെട്ടിവെച്ചാണ് ജാമ്യത്തിലിറങ്ങിയത്. ഇതിന്റെ വെളിച്ചത്തിലാണ് നേതാക്കള്‍ കോടതിയിലെത്തി വിദ്യാര്‍ത്ഥികളെ കൊണ്ടു പോയതെന്നാണ് പോലീസ് നിഗമനം. നേതാക്കളായ കെ.പി സഹദേവന്‍,പി. രാമചന്ദ്രന്‍,എന്‍. ചന്ദ്രന്‍, വയക്കാടി ബാലകൃഷ്ണന്‍, ശിവദാസന്‍,ഒ.കെ ബിനീഷ് ബാബു,യു.പുഷ്പരാജന്‍, പ്രശാന്തന്‍ എന്നിവര്‍ക്കെതിരെ സ്‌റ്റേഷനില്‍ അതിക്രമിച്ചു കയറി വിദ്യര്‍ത്ഥികളെ കടത്തിക്കൊണ്ടു പോയതിനും വനിതാപോലീസിനെ തെറിവിളിചച്ചതിനും കേസെടുത്തു.
പ്രതികളെ കണ്ടെത്താന്‍ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പോലീസ് റെയ്ഡ് നടത്തി. ഇതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാരും പോലീസും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post