കാലവര്‍ഷം: വ്യാപകമായ നാശനഷ്ടം, ആറു വീടുകള്‍ തകര്‍ന്നു

കണ്ണൂര്‍ : കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ജില്ലയില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി.വിവിധ പ്രദേശങ്ങളിലുണ്ടായ കാറ്റിലും മഴയിലും ആറു വീടുകള്‍ തകര്‍ന്നു. തലശ്ശേരി താലൂക്കില്‍ മൂന്ന് വീടുകള്‍ ഭാഗികമായും തളിപ്പറമ്പില്‍ രണ്ടു വീടുകളും കണ്ണൂരില്‍ ഒരു വീടും തകര്‍ന്നു. മാവിലായി മാവിലാകാവിലെ ആല്‍മരം കടപുഴകി വീണു.ചരിത്ര പ്രസിദ്ധമായ അടിയുത്സവം നടക്കുന്ന മാവിലായി മാവിലാകാവിലെ നൂറ്റാണ്ടോളം പഴക്കമുള്ള കൂറ്റന്‍ ആല്‍മരമാണ് കടപുഴകിയത്. തിങ്കളാഴ്ച രാവിലെയാണ് 150വര്‍ഷത്തിലധികം പഴക്കമുള്ള ആല്‍മരം ക്ഷേത്രനടക്കടുത്ത് കടപുഴകി വീണത്. ഇതെ തുടര്‍ന്ന് ക്ഷേത്ര നടയുടെ കല്ലുകള്‍ ഇളകിയിട്ടുണ്ട്. ആല്‍മരം വീണതിനെ തുടര്‍ന്ന് രാവിലെ ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തര്‍ക്ക് പ്രയാസം നേരിട്ടു. ക്ഷേത്രനടയില്‍ മരം വീണതിനാല്‍ വിശ്വാസികള്‍ ക്ഷേത്രത്തിന്റെ പിറക് വശത്തുകൂടിയാണ് പ്രവേശിച്ചത്. മരം മുറിച്ചുനീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്
ജില്ലയിലെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനിടയിലായി. ദേശീയ പാത ഉള്‍പ്പെടെ പല റോഡുകളിലും ഡ്രെയ്‌നേജ് തടസം കാരണം റോഡിലേക്ക് വെള്ളമൊഴുകുകയാണ്. നഗരത്തിലും പരിസര പ്രദേശങ്ങളിലും ഓടയില്‍ നിന്ന് മലിനജലം റോഡിലേക്ക് ഒഴുകുന്നത് യാത്രക്കാര്‍ക്ക് ദുരിതമായി.
ഇതേവരെ ജില്ലയില്‍ 405 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചിട്ടുള്ളത്. കണ്ണൂര്‍ താലൂക്കില്‍ 8704ഉം തലശ്ശേരിയില്‍ 113 മി.മീഉം മഴ രേഖപ്പെടുത്തി. കണ്ണൂരില്‍ ഇന്നലെ 93.06 മി.മീ.മഴ പെയ്തു. തളിപ്പറമ്പില്‍ 78.5ഉം മഴ രേഖപ്പെടുത്തി. ഇന്നലെ മുതലാണ് കാലവര്‍ഷം ശക്തിപ്പെട്ടത്. വെള്ളക്കെട്ട് കാരണം പല സ്ഥലത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post