വിവാദ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ പാതിരാത്രിയില്‍ പൊളിച്ചുനീക്കി

കണ്ണൂര്‍ : ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊളിച്ചുനീക്കാന്‍ കഴിയാതിരുന്ന ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ പാതിരാത്രിയില്‍ പോലീസ് സഹായത്തോടെ പൊളിച്ചുനീക്കി. കണ്ണൂര്‍ നഗരത്തിലെ കാള്‍ടെക്‌സില്‍ ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച കാരായി ദാമോദരന്‍ സ്മാരക ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറാണ് ശക്തമായ പോലീസ് കാവലില്‍ ദേശീയപാത അധികൃതര്‍ പൊളിച്ചുനീക്കിയത്.
കാള്‍ടെക്‌സ് ജംഗ്ഷനില്‍ റോഡ് വികസനത്തിന് ഷെല്‍ട്ടര്‍ തടസമാണെന്ന് ചൂണ്ടിക്കാണിച്ച് പൊളിച്ചുനീക്കാന്‍ ദേശീയപാത അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിനായി ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടറുടെ ഉത്തരവും നേടിയിരുന്നു. ഷെല്‍ട്ടര്‍ പൊളിച്ചുനീക്കാനുള്ള ദേശീയപാത അധികൃതരുടെ ശ്രമം കഴിഞ്ഞ വെള്ളിയാഴ്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. മേല്‍ക്കൂരയിലെ മാറ്റിയ ഷീറ്റുകള്‍ പുനസ്ഥാപിച്ച് കൊണ്ടാണ് അന്ന് അധികൃതര്‍ മടങ്ങിയത്.
എന്ത് എതിര്‍പ്പുണ്ടായാലും ഷെല്‍ട്ടര്‍ പൊളിച്ചുനീക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് രാത്രി ഒന്നരമണിയോടെ എസ്‌കവറേറ്റര്‍ ഉപയോഗിച്ച് ഷെല്‍ട്ടര്‍ പൊളിച്ച് നീക്കിയത്. മൂന്ന് വാഹനങ്ങളിലായി പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പാതി രാത്രിയായതിനാല്‍ ആരും സ്ഥലത്തുണ്ടായിരുന്നില്ല. അരമണിക്കൂറിനകം ഷെല്‍ട്ടര്‍ പൊളിച്ച് നീക്കി സംഘം സ്ഥലം വിട്ടു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post