ചെറുപുഴ: ഓടിക്കൊണ്ടിരിക്കെ ഓട്ടോയ്ക്കു മുകളില്‍ കൂറ്റന്‍മരം വീണ് നവവരന്‍ മരിച്ചു. ഭാര്യ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പുളിങ്ങോം ആറാട്ടുകടവിലെ പുതിയവീട്ടില്‍ കൃഷ്ണന്‍-ഓമന ദമ്പതികളുടെ മകന്‍ ഷൈജു(29)വാണ് ദാരുണമായി മരിച്ചത്. പരിക്കേറ്റ ഭാര്യ ആലക്കോട് അരങ്ങം സ്വദേശി കൊണ്ടയംകോട് വീട്ടില്‍ സൗമ്യ(25), ഓട്ടോ ഡ്രൈവര്‍ ഭൂദാനത്തെ നാരായണന്‍(50) എന്നിവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ പുളിങ്ങോത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് ചെറുപുഴ പുതിയപാലത്തിന് സമീപത്ത് വച്ച് കൂറ്റന്‍ മരവും വൈദ്യുതി തൂണും പൊട്ടി വീഴുകയായിരുന്നു. അരമണിക്കൂറോളം നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇവരെ പുറത്തെടുത്തത്. സംഭവസ്ഥലത്ത് വച്ച് തന്നെ ഷൈജു മരണപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 18നായിരുന്നു ഷൈജുവിന്റെയും സൗമ്യയുടെയും വിവാഹം നടന്നത്. സൗമ്യയുടെ വീട്ടില്‍പോയി തിരിച്ച് ഷൈജുവിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം. അപകട സ്ഥലത്ത് അടിയന്തിര സഹായമെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കണ്ണൂര്‍ ജില്ലാ കലക്്ടറോട് പി കരുണാകരന്‍ എം.പി, സി കൃഷ്ണന്‍ എം.എല്‍.എ എന്നിവര്‍ നിര്‍ദേശം നല്‍കി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഷൈല, ഷൈന എന്നിവര്‍ മരിച്ച ഷിജുവിന്റെ സഹോദരങ്ങളാണ്.
Post a Comment