ബസ് തൊഴിലാളികളും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി തലശ്ശേരിയില്‍ മിന്നല്‍ പണിമുടക്ക്

Kannur, Kerala, Bus Strike, Police, Clash, Students, SFI, Attack, College, Malayalam News
തലശ്ശേരി: സ്വകാര്യ ബസ് തൊഴിലാളികളും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ ആയിരങ്ങള്‍ പെരുവഴിയിലായി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് ഏറ്റുമുട്ടലുണ്ടായത്.

മര്‍ദ്ദനമേറ്റ പരിക്കുകളോടെ തലശ്ശേരികണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ധനലക്ഷ്മി ബസ് ഡ്രൈവര്‍ കണ്ണൂര്‍ ചാല സ്വദേശി വിജേഷി (28)നെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് സംഘടിച്ച ബസ് തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും പിരിച്ചുവിടാന്‍ പോലീസ് നേരിയതോതില്‍ ലാത്തിവീശി.

ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ ഉള്‍പെടെയുള്ള ബസ് തൊഴിലാളികളാണ് പണിമുടക്ക് നടത്തിയത്. കണ്ണൂര്‍, കോഴിക്കോട്, ഇരിട്ടി, പാനൂര്‍ ഭാഗങ്ങളിലേക്കുള്ള ബസ് സര്‍വീസുകളെല്ലാം മുടങ്ങി. തിങ്കളാഴ്ച രാത്രി വൈകിയും പണിമുടക്ക് തുടരുകയാണ്.

കഴിഞ്ഞ ശനിയാഴ്ച തലശ്ശേരി ക്രൈസ്റ്റ് കോളജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ. യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ വിപിനെ (20) ധനലക്ഷ്മി ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പറയുന്നു. ഇതിന്റെ തുടര്‍ച്ചയാണ് തിങ്കലാഴ്ചത്തെ സംഭവം.

പണിമുടക്കിനെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ തന്നെ നഗരത്തിലെ കോളജുകളിലും സ്‌കൂളുകളിലും ക്‌ളാസുകള്‍ അവസാനിപ്പിച്ചു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ നിറഞ്ഞു. സംഘര്‍ഷത്തിന് ശേഷം ചില റൂട്ടുകളില്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചെങ്കിലും സംഘടിച്ചെത്തിയ തൊഴിലാളികള്‍ ഇവ തടഞ്ഞു.

തുടര്‍ന്ന് ഓട്ടോറിക്ഷകളെയും മറ്റ് വാഹനങ്ങളെയും ആശ്രയിച്ചാണ് പലരും മടങ്ങിയത്. പെണ്‍കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ ദുരിതത്തിലായി. സമരം തുടരുകയാണെങ്കില്‍ കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് തലശ്ശേരി സി.ഐയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.

Keywords: Kannur, Kerala, Bus Strike, Police, Clash, Students, SFI, Attack, College, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post