കൊടുംചൂടില്‍ അവധിക്കാല ക്ലാസുകള്‍

കണ്ണൂര്‍: കൊടുംചൂടില്‍ നാടുംനഗരവും കൊടുമ്പിരികൊളളവെ വിദ്യാര്‍ത്ഥികള്‍ക്ക് അടച്ചിട്ടമുറികളില്‍ അവധിക്കാല ക്‌ളാസുകള്‍ നല്‍കാന്‍ അണ്‍ എയ്ഡഡ്, എയ്ഡഡ് സ്‌കൂളുകള്‍ മത്സരിക്കുന്നു. മേയ് ആദ്യവാരമാണ് ജില്ലയിലെ സ്‌കൂളുകളില്‍ അവധിക്കാല ക്‌ളാസുകള്‍ ആരംഭിച്ചത്. ഫാന്‍ പോലുമില്ലാത്ത ഇടുങ്ങിയ മുറികളിലാണ് അവധിക്കാലത്ത് കളിച്ചു നടക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് വിഞ്ജാനം കുത്തിനിറയ്ക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകള്‍ രണ്ടുമാസം വേനലവധിക്ക് അടിച്ചിട്ട പശ്ചാത്തലത്തില്‍ അതിനെക്കാള്‍ ശുഷ്‌കാന്തി തങ്ങള്‍ക്കുണ്ടെന്ന് കാണിക്കാനാണ് സ്വകാര്യ സ്‌കൂളുകളുടെ ഈ കണ്‍കെട്ട് വിദ്യ.

അവധിക്കാലത്ത് കുട്ടികള്‍ക്ക് പ്രത്യേക ക്‌ളാസുകളോ പരിശീലനമോ നല്‍കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് നോക്കുകുത്തിയാക്കിയാണ് സ്വകാര്യമാനേജ് മെന്റുകള്‍ പഠനാഭ്യാസം നടത്തുന്നത്. ക്‌ളാസില്‍ പങ്കെടുക്കാത്ത കുട്ടികള്‍ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. ആദ്യത്തെ ഒരാഴ്ചയില്‍ ഹാജരായില്ലെങ്കില്‍ പിഴയും അതിനുശേഷം പുറത്താക്കലുമാണ് ശിക്ഷാനടപടി. ഇതു പേടിച്ച് മിക്ക രക്ഷിതാക്കളും മക്കളെ സ്‌കൂളിലേക്ക് നിര്‍ബന്ധിച്ച് അയക്കുകയാണ്.

സൂര്യാഘാതവും മറ്റു ആരോഗ്യപ്രശ്‌നങ്ങളും കൂടുതലായി നേരിടുന്ന മേയ് മാസം കുട്ടികളെ ഇത്തരം സാഹചര്യങ്ങളിലേക്ക് അയക്കരുതെന്ന് ആരോഗ്യവകുപ്പിന്റെ മുന്‍കരുതല്‍ മുന്നറിയിപ്പും അവഗണിച്ചുകൊണ്ടാണ് അവധിക്കാല ക്‌ളാസുകള്‍ അരങ്ങുതകര്‍ക്കുന്നത്. മണിക്കൂറുകളോളം കോണ്‍ക്രീറ്റിനു താഴെ ഇരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായആരോഗ്യപ്രശ്‌നങ്ങളും തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ട്. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ കുഴഞ്ഞുവീഴുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്.

എസ്. എസ്. എല്‍. സി, പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥികളാണ് അവധിക്കാല ക്‌ളാസുകളിലെ മുഖ്യ ഇരകള്‍. അവധിക്കാലം കുട്ടികള്‍ക്ക് നിഷേധിക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് വീണ്ടും ഇതു തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയെങ്കിലും കടലാസിന്റെ വില പോലും ഇതിനു മാനേജ് മെന്റുകള്‍ നല്‍കിയിട്ടില്ല.

സി.ബി.എസ്.ഇ, ഐ. സി. എസ്. ഇ, ഐ. എസ്. ഇ സിലബസ് പഠിപ്പിക്കുന്നസ്‌കൂളുകളാണ് അവധിക്കാല ക്‌ളാസുകള്‍ സംഘടിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുളളത്. ഈ സ്‌കൂളുകളെ അനുകരിച്ചുകൊണ്ടാണ് ചില എയ്ഡഡ് സ്‌കൂളുകളും രംഗത്തിറങ്ങിയിട്ടുളളത്. നിലവില്‍ ലഭിക്കുന്ന പത്തുമാസംകൊണ്ട് തന്നെ സിലബസ് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നിരിക്കെ അവധിക്കാല ക്‌ളാസുകള്‍ പ്രഹസനമാണെന്നാണ് ഒരുവിഭാഗം അധ്യാപകരുടെ അഭിപ്രായം. ഗത്യന്തരമില്ലാതെയാണ് ഇത്തരംക്‌ളാസുകള്‍ എടുക്കേണ്ടിവരുന്നതെന്നും ഇവര്‍ പരിതപിക്കുന്നു.

Keywords: Kerala, Kannur, School, CBSE, Hot season, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post