ഗുരുദേവന്റെ സന്ദേശം ഇന്നും പ്രസക്തം: ടി.കെ.എ.നായര്‍

തലശ്ശേരി: ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ അത് പ്രചരിച്ച കാലത്തെ പോലെ തന്നെ ഇന്നും അര്‍ത്ഥവത്താണെന്ന് പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ടി.കെ.എ നായര്‍ അഭിപ്രായപ്പെട്ടു. ഗുരുധര്‍മ്മ പ്രചാരണ സഭ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി ശാരദാ കൃഷ്ണയ്യര്‍ സ്മാരക ഹാളില്‍ നടന്ന അരുവിപ്പുറം പ്രതിഷ്ഠാ ശതോത്തര രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാന നായകനായിരുന്നു ഗുരുദേവന്‍. സമൂഹത്തില്‍ സ്‌നേഹവും പരസ്പര വിശ്വാസവും വളര്‍ത്തിയെടുക്കുന്നതിനായിരുന്നു ഗുരുദേവന്റെ സന്ദേശങ്ങള്‍. ഇന്ന് ജാതിയുടെയും മതത്തിന്റെയുമൊക്കെ കാര്യം വരുമ്പോള്‍പറയുന്നതൊന്ന്, പ്രവര്‍ത്തിക്കുന്നതൊന്ന് എന്ന അവസ്ഥയാണ്. കാര്യത്തോടടുക്കുമ്പോള്‍ എല്ലാം മറക്കുകയാണ്. ആത്മാര്‍ത്ഥതയില്ലാത്ത പ്രഭാഷണങ്ങളാണ് ഇന്ന് കാണുന്നത്. അതിനാല്‍ ഗുരുദവേന്റെ സന്ദേശങ്ങള്‍ ഇന്നും അര്‍ത്ഥവത്താണെന്ന് അദ്ദേഹം പറഞ്ഞു.
T.K.A Nair


ഗുരുദേവന്‍ ജീവിച്ചിരുന്ന കാലത്തേതു പോലെ തന്നെ ഇന്നും ആളുകള്‍ പല തരത്തില്‍ വിഭജിക്കപ്പെട്ടിരിക്കയാണെന്ന കാര്യം ദുഃഖകരമാണ്. സര്‍വമത സമന്വയത്തിനും മനുഷ്യന്‍ ഒന്നാകണമെന്ന ലക്ഷ്യമാര്‍ഗത്തിനുമാണ് അരുവിപ്പുറം പ്രതിഷ്ഠ. മറ്റൊരു മതത്തെ അധിക്ഷേപിക്കുന്നവന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ശാന്തിയും സമാധാനവും സൃഷ്ടിക്കുകയെന്നതാണ് എല്ലാ മതത്തിന്റെയും അടിസ്ഥാനം. ഒരു മതവും മനുഷ്യനെ വെറുക്കുന്നതിന് ഇന്നുവരെ പ്രചരിപ്പിച്ചിട്ടില്ല. എല്ലാ മതങ്ങളുടെയും ലക്ഷ്യം ഒന്നാണ്. ഗുരുവചനങ്ങള്‍ സ്വീകരിച്ച് ജീവിക്കുന്നവര്‍ക്ക് ശാന്തിയും സമാധാനവും ഐശ്വര്യവുമുണ്ടാകുമെന്നും ടി. കെ. എ. നായര്‍ പറഞ്ഞു.

എല്ലാവരും എല്ലാ മത തത്വങ്ങളും പഠിക്കണമെന്ന് ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ ശിവഗിരി മഠം ജനറല്‍ സെക്രട്ടറി ഋതംബരാനന്ദ സ്വാമികള്‍ പറഞ്ഞു. മതമെന്നാല്‍ അഭിപ്രായമാണ്. വിവിധ പദപ്രയോഗങ്ങള്‍ കൊണ്ട് കാലാകാലങ്ങളില്‍ ആചാര്യന്‍മാര്‍ മതത്തെ വ്യാഖ്യാനിക്കുകയാണ്. എല്ലാ മതങ്ങളും മനുഷ്യനന്‍മ മാത്രമാണ് ലാക്കാക്കുന്നതെന്ന് ഗുരുദേവന്‍ സര്‍വമത സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭാരതത്തിന് സ്വാതന്ത്യം ലഭിക്കുന്നതിന് മുമ്പുതന്നെ ഗുരുദേവന്‍ ജനാധിപത്യത്തെ കുറിച്ച് പറഞ്ഞിരുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും ഗുരുദേവന്‍ അക്കാലത്ത് ഊന്നല്‍ നല്‍കി. ദേശ, ഭാഷ, പ്രത്യയശാസ്ത്ര, സംസ്‌കാര ഭേദമില്ലാതെ ഒന്നിച്ചു ജീവിക്കുന്നതാണ് ഗുരുദേവന്റെ സ്വപ്നമെന്നും സ്വാമികള്‍ പറഞ്ഞു.

കേരള വനിതാ കമ്മിഷന്‍ ചെയര്‍ പേഴ്‌സണ്‍ കെ.സി.റോസക്കുട്ടി ടീച്ചര്‍ വിശിഷ്ടാതിഥിയായിരുന്നു. സ്വാഗതസംഘം ചെയര്‍മാന്‍ മോഹനന്‍ പൊന്നമ്പേത്ത് അദ്ധ്യക്ഷത വഹിച്ചു. സി.എച്ച് മുസ്തഫ മൗലവി മുഖ്യപ്രസംഗം നടത്തി. വിശിഷ്ടാതിഥികളെ ജ്ഞാനോദയ യോഗം പ്രസിഡന്റ് കെ.പി.രത്‌നാകരന്‍, തളാപ്പ് ഭക്തിസംവര്‍ദ്ധിനി യോഗം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണന്‍ എന്നിവര്‍ ആദരിച്ചു. അഡ്വ.സി.ഒ.ടി.ഉമ്മര്‍, ഗുരുധര്‍മ്മ പ്രചാരണ സഭ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.എന്‍.ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ രവീന്ദ്രന്‍ പൊയിലൂര്‍ സ്വാഗതവും ജഗന്നാഥക്ഷേത്രം ഡയറക്ടര്‍ രവീന്ദ്രന്‍ മുരിക്കോളി നന്ദിയും പറഞ്ഞു.

Keywords: Kerala, Kannur, T.K.A Nair, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post