പൊരിവെയിലില്‍ പണിയെടുക്കുന്നത് തടയാന്‍ സ്‌ക്വാഡ് രംഗത്തിറങ്ങും

കണ്ണൂര്‍: ജില്ലയിലെ താപനില ഉയര്‍ന്നിരിക്കെ പൊരിവെയില്‍ കൊണ്ട് പണിയെടുക്കുന്ന തൊഴിലാളികളെ തടയാന്‍സ്‌ക്വാഡ് രംഗത്തിറങ്ങുന്നു. തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് വിശ്രമം അനുവദിക്കണമെന്ന നിര്‍ദ്ദേശം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുവാനാണ് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ സ്‌ക്വാഡ് രൂപീകരിക്കുന്നത്.
work
ജില്ലയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നിട്ടും തൊഴിലാളികള്‍ വ്യാപകമായി വെയില്‍കൊണ്ടുതന്നെ ജോലി തുടരുകയാണ്. തൊഴിലാളികളോട് നിര്‍ദ്ദേശിച്ചാല്‍ തന്നെ അഞ്ചുമണിക്ക് ശേഷം ജോലി ചെയ്യാന്‍ തങ്ങള്‍ തയ്യാറല്ലെന്നും വെയിലുകൊണ്ടു ജോലിയെടുക്കുന്നതില്‍ പ്രശ്‌നമില്ലെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. ഇത് പരിശോധനക്കിറങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് തലവേദന സൃഷ്ടിക്കുകയാണ്.

നിര്‍മ്മാണജോലിയെടുക്കുന്നവരാണ് കൂടുതലും വെയില്‍കൊള്ളുന്നത്. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ലേബര്‍ ഓഫീസിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ ഭാഗങ്ങളിലുള്ള തൊഴിലിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. കണ്ണൂരില്‍ അഞ്ച് ഇടങ്ങളിലും പയ്യന്നൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ മൂന്ന് ഇടങ്ങളിലും പരിശോധന നടത്തി. ഇതില്‍ മിക്കയിടത്തും തൊഴിലാളികള്‍ പൊരിവെയില്‍ കൊള്ളുന്നത് ശ്രദ്ധയില്‍പ്പെടുകയും ഇവരെ വിലക്കുകയും ചെയ്തിരുന്നു. ആദ്യഘട്ടത്തിലെ ഈ നിര്‍ദ്ദേശങ്ങള്‍ക്ക് ശേഷം ഇനി നടപടിയിലേക്ക് തിരിയാനാണ് അധികൃതരുടെ തീരുമാനം.

ഇന്ന് മുതല്‍ തൊഴിലിടങ്ങളില്‍ ഇത്തരംകാര്യങ്ങള്‍ കണ്ടെത്തിയാല്‍ മോശമായ അവസ്ഥയില്‍ ജോലി ചെയ്യിപ്പിക്കുന്നതിനെതിരെയുള്ള നിയമമനുസരിച്ച് നിര്‍മ്മാണം നിറുത്തിവയ്ക്കാനുള്ള നടപടിയുള്‍പ്പെടെ സ്വീകരിക്കും. ഇതിനായാണ് സ്‌ക്വാഡ് രൂപീകരിച്ചുള്ള പരിശോധനയ്ക്ക് ലേബര്‍ ഉദ്യോഗസ്ഥര്‍ തയ്യാറെടുക്കുന്നത്. ഇന്ന് രാവിലെ 11 മണിക്ക് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ യോഗം ജില്ലാ ഓഫീസില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.

എന്നാല്‍, എട്ട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരാണ് ജില്ലയിലുള്ളത്. പയ്യന്നൂര്‍, തളിപ്പറന്പ്, പയ്യന്നൂര്‍, ഇരിട്ടി, തലശ്ശേരി എന്നിവിടങ്ങളിലും കണ്ണൂരില്‍ മൂന്ന് സര്‍ക്കിളും. ഇവര്‍ക്കാണെങ്കില്‍ വാഹനമൊന്നുമില്ല. ജില്ലാ ലേബര്‍ ഓഫീസര്‍ക്കുള്ള ഒരു ജീപ്പ് ഉപയോഗിച്ചാണ് പരിശോധന നടത്തേണ്ടത്.

ഇങ്ങനെ പരിശോധന നടത്തിയാല്‍ നഗരത്തിലുള്ള ഏതാനും തൊഴിലിടങ്ങളില്‍ മാത്രമെ പരിശോധന നടത്താനാകൂ. ജില്ലയില്‍ ഗ്രാമങ്ങളിലെല്ലാം വീടിന്റെ നിര്‍മ്മാണ പ്രവൃത്തിയുള്‍പ്പെടെ ആയിരങ്ങള്‍ പൊരിവെയിലില്‍ ജോലിയെടുക്കുന്നുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തി നടപടിയെടുക്കാന്‍ എങ്ങനെ പോയാലും ഉദ്യോഗസ്ഥര്‍ക്കാവില്ല. ഇതുകൊണ്ടുതന്നെ സൂര്യാഘാതത്തില്‍ നിന്ന് രക്ഷനേടാന്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ പുറംജോലി ചെയ്യുന്നവര്‍ വിശ്രമിക്കണമെന്നത് എങ്ങനെ നടപ്പിലാക്കുമെന്ന ഒരു ബോധവുമില്ലാത്ത സര്‍ക്കാര്‍ നിര്‍ദ്ദേശമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

Keywords: Kerala, Kannur, Workers, squad, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post