റബ്‌കോയില്‍ കൂട്ടപിരിച്ചുവിടല്‍ ഭീഷണി: പ്രതിസന്ധി പരിഹരിക്കാന്‍ യോഗം ചേരുന്നു

കണ്ണൂര്‍: കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സഹകരണ സ്ഥാപനമായ റബ്‌കോയിലെ ആയിരത്തോളം തൊഴിലാളികള്‍ കൂട്ട പിരിച്ചുവിടല്‍ ഭീഷണിയില്‍. തലശ്ശേരി, വലിയവെളിച്ചം, ശ്രീകണ്ഠപുരം ശാഖകളിലെ തൊഴിലാളികളാണ് തൊഴില്‍ പ്രതിസന്ധി നേരിടുന്നത്. ഇവിടങ്ങളിലെ എഴുന്നൂറ് ജീവനക്കാരെ പിരിച്ചുവിടാന്‍ മാനേജ്‌മെന്റ് ധാരണയിലെത്തിയതായി അറിയുന്നു.

സംസ്ഥാനത്തും വിദേശത്തും വിപണനകേന്ദ്രങ്ങളുളള റബ്‌കോ സാമ്പത്തിക പ്രതിസന്ധി നേരിട്ട പല ഘട്ടങ്ങളിലും ജില്ലയിലെ മറ്റു സഹകരണ സ്ഥാപനങ്ങള്‍ വന്‍തുക നിക്ഷേപവും വായ്പയും നല്‍കിയിരുന്നു. ഇതൊന്നും കാര്യമായി തിരിച്ചടച്ചില്ല. ഇതും പ്രതിസന്ധി രൂക്ഷമാക്കാന്‍ കാരണമായിട്ടുണ്ട്.
തൊഴിലാളികളെ കണ്ണൂര്‍ ജില്ലയില്‍ കൂട്ടത്തോടെ പിരിച്ചുവിടുന്നത് സി.പി.എമ്മിന് രാഷ്ടീയവും സംഘടനാപരവുമായി കടുത്ത ദോഷം ചെയ്യും. പിരിച്ചുവിടല്‍ തീരുമാനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും സെന്ററും അംഗീകരിക്കുകയും ജില്ലയിലെ മുഴുവന്‍ ഏരിയാ കമ്മിറ്റികളിലും റിപോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

തലശ്ശേരി, കൂത്തുപറമ്പ്, ശ്രീകണ്ഠപുരം, കണ്ണൂര്‍, പിണറായി ഏരിയാ കമ്മിറ്റികളില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ തന്നെയാണു റിപോര്‍ട്ട് ചെയ്തത്. അതിരൂക്ഷമായ വിമര്‍ശനമാണ് ഇവിടങ്ങളില്‍ അണികളില്‍ നിന്നും നേരിടേണ്ടി വന്നത്.

പിരിച്ചുവിടല്‍ ഭീഷണിയിലുള്ള തൊഴിലാളികളില്‍ മിക്കവരും പാര്‍ട്ടി പ്രാദേശിക ഘടകങ്ങളുടെയും വര്‍ഗബഹുജന സംഘടനകളുടെയും ഉത്തരവാദിത്തമുള്ള പ്രവര്‍ത്തകരാണ്. ഇവരുടെ കുടുംബങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിക്ക് എതിരാവുമെന്ന ഭീഷണിയുംനിലനില്‍ക്കുന്നുണ്ട്.

ഇതാണ് പാര്‍ട്ടി നേതൃത്വത്തെ ആശങ്കയിലാക്കുന്നത്. പ്രശ്‌നപരിഹാര ശ്രമമെന്ന നിലയില്‍ ജില്ലയിലെ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെയും പ്രസിഡന്റുമാരുടെയും സംയുക്ത യോഗം മെയ് ഏഴിന് കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലയിലെ ഭൂരിപക്ഷം സഹകരണ സ്ഥാപനങ്ങളും റബ്‌കോയ്ക്ക് പണം വായ്പയായും നിക്ഷേപമായും നല്‍കിയിട്ടുണ്ട്.

തലശ്ശേരി ഏരിയയിലെ ഒരു പ്രാഥമിക സഹകരണ ബാങ്ക് ഒരുകോടി രൂപ റബ്‌കോയ്ക്കു നല്‍കിയിട്ട് വര്‍ഷങ്ങളായിട്ടും യാതൊന്നും തിരിച്ചടച്ചിട്ടില്ല. ഇതോടെ പലിശ വര്‍ദ്ധിച്ച് വന്‍തുകയായത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സ്ഥാപനം പ്രതിസന്ധിയിലായതിനാല്‍ ജില്ലാ സഹകരണ ബാങ്കില്‍നിന്ന് വായ്പയെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇടത് ഭരണസമിതി അനുമതി നല്‍കിയില്ല. റബ്‌കോയെ റിലയന്‍സ്, വാള്‍മാര്‍ട്ട് തുടങ്ങിയ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കു കൈമാറി പ്രതിസന്ധി പരിഹരിക്കാനും രഹസ്യനീക്കം നടക്കുന്നുണ്ട്.

Keywords: Kannur, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Rubco meeting to discuss issues 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post