സി.പി.എം കണ്ണൂര്‍ നേതൃത്വത്തില്‍ അഴിച്ചുപണിക്ക് നീക്കം

P. Jayarajan, Kannur, Kerala, V.S. Achuthanandan, Pinarayi Vijayan, CPM, Party, Kannur Vartha
കണ്ണൂര്‍: സി.പി.എം. കോട്ടയായ കണ്ണൂരില്‍ നേതൃതലത്തില്‍ വന്‍ അഴിച്ചു പണിക്ക് നീക്കം. പാര്‍ട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട കൊഴിഞ്ഞുപോക്കും ഔദ്യോഗിക പക്ഷത്തെ ചേരിതിരിവുമാണ് നിലവിലെ ജില്ലാനേതൃത്വം അഴിച്ചുപണിയാന്‍ സംസ്ഥാന നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. ഇതുസംബന്ധിച്ചുളള തീരുമാനത്തിന് സംസ്ഥാനനേതൃത്വം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

പാര്‍ട്ടി അംഗത്വ സ്‌കൂടിനി കഴിഞ്ഞാലുടന്‍ ജില്ലാനേതൃത്വത്തില്‍ മാറ്റമുണ്ടായേക്കും. നിലവിലുളള ജില്ലാസെക്രട്ടറി പി. ജയരാജനെയും സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ചില നേതാക്കളെയുമാണ് മാറ്റുന്നത്. പി. ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉയര്‍ത്തുമെന്നാണ് സൂചന. ഔദ്യോഗിക പക്ഷത്തിന്റെ ജില്ലയിലെ ശക്തനായ വക്താവും പ്രയോക്താവുമായ ജയരാജന്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാനസെക്രട്ടറി പിണറായിവിജയനും മറ്റു നേതാക്കള്‍ക്കും താത്പര്യമുണ്ട്.

കടുത്ത അച്ചടക്കലംഘനം നടത്തിയ വി.എസ്. അച്യുതാനന്ദനെ മേയ് മാസം അവസാനത്തോടെ സംസ്ഥാനസെക്രട്ടറിയേറ്റില്‍ നിന്നും നീക്കം ചെയ്യാന്‍ കേന്ദ്രനേതൃത്വം പച്ചക്കൊടികാട്ടുമെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ പ്രതീക്ഷ. ഈയൊരു ഒഴിവിലേക്കാണ് പി. ജയരാജന്‍ കടന്നുവരിക.

കണ്ണൂരിലെ പാര്‍ട്ടിയുടെ ചുക്കാന്‍ മുന്‍ എം.എല്‍.എയുംസംസ്ഥാന കമ്മിറ്റിയംഗവുമായ എം.വി. ജയരാജനെ ഏല്‍പിക്കുമെന്നാണ് സൂചന. കടുത്തപിണറായിപക്ഷക്കാരനായ എം.വി. ജയരാജന്‍ പാര്‍ട്ടി അണികള്‍ക്കിടയിലും പൊതുവെ സ്വീകാര്യനാണ്.

മാര്‍ചില്‍ നടന്ന പാര്‍ട്ടി അംഗത്വം പുതുക്കലില്‍ നിന്നും ജില്ലയിലെ വിവിധ ഏരിയാകമ്മിറ്റികളില്‍ നിന്നും നൂറോളം പേരാണ് വിട്ടുനിന്നത്. പാര്‍ട്ടിസംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ വീട് സ്ഥിതിചെയ്യുന്ന പിണറായി ഏരിയാകമ്മിറ്റിയില്‍ നിന്നുവരെ കൊഴിഞ്ഞുപോക്കുണ്ടായി.

പിണറായിലെ പാര്‍ട്ടി ബോക്ക് തലത്തില്‍ മത്സരിപ്പിച്ച് ജയിപ്പിച്ച ഒരു പ്രമുഖനേതാവ് വരെ ഇക്കുറി അംഗത്വം പുതുക്കിയിട്ടില്ല. അഞ്ചരക്കണ്ടി ഏറിയയിലെ വിവിധ ലോക്കല്‍കമ്മിറ്റികളിലും കൊഴിഞ്ഞുപോക്കുണ്ടായി. മുണ്ടേരിയിലെ ഒരു ലോക്കല്‍കമ്മിറ്റി നേതാവ് അംഗത്വം പുതുക്കാതെ പരസ്യമായി പ്രതിഷേധിച്ച് വിട്ടു നിന്നു. ഇതേകുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടന്നുവരികയാണ്. പാര്‍ട്ടിനേതൃത്വത്തിന്റെ പ്രവര്‍ത്തനശൈലിയോട് പരസ്യമായ എതിര്‍പ് അണികള്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നാണ് ഇത്തരംസംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

സംയമനത്തോടെ കൈക്കാര്യം ചെയ്യേണ്ട പ്രശ്‌നങ്ങള്‍ നേതൃത്വം വഷളാക്കിയെന്നും അതു പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് ബഹുജനമനസില്‍ പോറലേല്‍പിച്ചുവെന്നുമുളള വിമര്‍ശനമാണ് കൂടുതല്‍. ഔദ്യോഗികവിഭാഗത്തിന്റെ കൊടുംകോട്ടയായ കണ്ണൂരില്‍ ഈ ചേരിയിലെ അഭിപ്രായഭിന്നതയും ജില്ലാനേതൃത്വത്തിലെ ചില നേതാക്കളുടെ പ്രവര്‍ത്തനശൈലിയോടുളള വിപ്രതിപത്തിയും പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഓരോനേതാക്കള്‍ക്കും പിന്നില്‍ ഓരോഗ്രൂപ്പുകളാണ്കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. എസ്.എഫ്.ഐ. മുതല്‍കര്‍ഷകസംഘംവരെയുളള നേതാക്കള്‍ ഈരീതിയില്‍ ചേരിതിരിഞ്ഞിരിക്കുകയാണെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

സി.ഐ.ടി.യു. അഖിലേന്ത്യാസമ്മേളനത്തില്‍ അണികള്‍ പ്രകടിപ്പിച്ച തണുത്ത സമീപനവും സംസ്ഥാന നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്.

രണ്ടുലക്ഷംതൊഴിലാളികളെ പങ്കെടുപ്പിക്കുമെന്ന് വിളംബരം ചെയ്ത റാലിയിലും പൊതുസമ്മേളനത്തിലും മുപ്പതിനായിരം ആളുകള്‍ മാത്രമാണ് പങ്കെടുത്തതെന്നാണ് സി.പി.എം. വിലയിരുത്തല്‍. ഇതുസംഘടനാതലത്തില്‍ നേരിടുന്ന ദൗര്‍ബല്യമാണെന്ന അഭിപ്രായവും ശക്തമാണ്.

Keywords: P. Jayarajan, Kannur, Kerala, V.S. Achuthanandan, Pinarayi Vijayan, CPM, Party, Kannur Vartha, Kerala Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Reshuffle proposals for Kannur CPM

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post