പൊലീസ് മര്‍ദനത്തില്‍ 500 ഓളം സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

കണ്ണൂര്‍: ജില്ലയില്‍ പൊലീസ് നടത്തുന്ന അതിക്രൂരമായ മര്‍ദനത്തില്‍ 500ലധികം സിപിഐ എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും പരിക്കേറ്റതായി സമാധാനയോഗത്തില്‍ സിപിഐ എം നേതാക്കള്‍ ആഭ്യന്തരമന്ത്രിയെ അറിയിച്ചു. ഇതുസംബന്ധിച്ചു മന്ത്രിക്ക് നിവേദനവും നല്‍കി. 120 പേരുടെ പരിക്ക് ഗുരുതരമാണ്. അഞ്ച് ജയിലുകളിലായി കഴിയുന്ന 150 പേരില്‍ പകുതിയിലധികം പേര്‍ക്ക് ലോക്കപ്പ് മര്‍ദനത്തിലാണ് പരിക്കേറ്റത്. പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി, മട്ടന്നൂര്‍, ഇരിട്ടി എന്നീ പൊലീസ് സ്‌റ്റേഷനുകളിലും തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി ഡിവൈഎസ്പി ഓഫീസുകളില്‍ വെച്ചും പൊലീസ് വാഹനങ്ങളില്‍ വെച്ചുമാണ് മര്‍ദിച്ചത്.പിടികൂടിയവരെ മര്‍ദിച്ചവശരാക്കി മജിസ്‌ട്രേട്ടിനോട് പരാതി പറയാന്‍ പോലും അവസരം നല്‍കാതെ രാത്രിയാണ് റിമാന്‍ഡ് ചെയ്യിക്കുന്നത്. രാത്രികാലങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകരെ തേടി വീടുകളിലെത്തുന്ന പൊലീസ് സ്ത്രീകളെയും കുട്ടികളെയും കേട്ടാലറക്കുന്ന തെറിവിളിക്കുകയും സൈ്വര്യജീവിതം തടസ്സപ്പെടുത്തുകയും ചെയ്യുന്നു
സിപിഐ എം ജില്ല സെക്രട്ടറി പി ജയരാജനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു കൊണ്ടാണ് സിപിഐ എം വേട്ട ആരംഭിച്ചത്. ലീഗ് ക്രിമിനലുകളുടെ വധശ്രമത്തില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ട പി ജയരാജനും ടി വി രാജേഷ് എംഎല്‍എയും ജില്ല പൊലീസ് ചീഫിനെ അറിയിച്ചാണ് പട്ടുവത്തേക്ക് പോയത്. എന്നാല്‍ പൊലീസ് ആവശ്യമായ സംരക്ഷണം നല്‍കിയില്ല. ആക്രമിക്കപ്പെട്ടവരെയാണ് പൊലീസ് കേസില്‍ പ്രതിയാക്കിഅറസ്റ്റ് ചെയ്തത്.
എസ്എഫ്‌ഐ ജില്ല സെക്രട്ടറിയറ്റ് അംഗം പയ്യന്നൂരില്‍ വെച്ചു നിഷാദിനെ എഴുന്നേറ്റു നടക്കാന്‍ കഴിയാത്തവിധമാണ് മര്‍ദിച്ചവശനാക്കിയത്. അഭ്യന്തരമന്ത്രി മുന്‍ കൈ എടുത്തു നടത്തുന്ന സമാധാനശ്രമം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നില്‍. കണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ സുമേഷിന്റെ മലദ്വാരത്തില്‍ കമ്പികയറ്റിയ സംഭവം രേഖാസഹിതമാണ് സമാധാനയോഗത്തില്‍ അവതരിപ്പിച്ചത്. പൊലീസ് അഭ്യന്തരമന്ത്രിയെപോലും തെറ്റിദ്ധരിപ്പിച്ചുവെന്ന് എംവി ജയരാജന്‍ പറഞ്ഞു. ആലക്കോട് ആഗസ്ത് ഒന്നിന് നടന്ന പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിനെതിരെ ടിയര്‍ഗ്യാസ്, ഗ്രനേഡ്, കല്ലേറ് എന്നിവ പ്രയോഗിച്ചു. ആലക്കോട് ടൗണില്‍ പ്രകടനം നടത്തിയതിന് 40 പേര്‍ക്ക് കേസ് എടുത്തു. ആഗസ്ത് 8ന് തളിപ്പറമ്പ് സഹകരണ ആശുപത്രി ലീഗുകാര്‍ അടിച്ചതകര്‍ത്ത സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് മണിക്കൂറുകള്‍ക്ക് ശേഷമാണ് എത്തിയത്. ഒന്നിന് സിപിഐ എം ജില്ല കമ്മിറ്റി അംഗം എന്‍ ചന്ദ്രന്റെ തലഅടിച്ചു പൊളിച്ചു. ചന്ദ്രന്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. 2ന് കാറ്ററിങ്ങ് തൊഴിലാളിയായ ഷബീറലിയെപിടികൂടി 24 മണിക്കൂര്‍ ലോക്കപ്പില്‍ വെച്ചു ക്രൂരമായി മര്‍ദിച്ചു. ടൗണ്‍ പൊലീസ് കസറ്റഡിയിലെടുത്ത ശ്രീജിത്തിനെ ഭീകരമായി മര്‍ദിച്ചു. സമരങ്ങളിലൊന്നും പങ്കെടുക്കാത്ത കോളിക്കടവിലെ അത്തോളി സുബീഷിനെ നെല്ലൂന്നിയില്‍ ലോറി തടഞ്ഞു നിര്‍ത്തി ജിപ്പിലിട്ടു മര്‍ദിച്ചു. മര്‍ദനത്തില്‍ പല്ല് കൊഴിഞ്ഞുപോയ സുബീഷ് കുഴഞ്ഞുവീണപ്പോഴാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.
ഉളിയില്‍ സ്വദേശി സി സി രാമകൃഷ്ണനെ മട്ടന്നൂര്‍, ഇരിട്ടി സ്‌റ്റേഷനുകളില്‍ വെച്ചു ഭീകരമായി മര്‍ദിച്ചു. ആഗസ്ത് രണ്ടിന് പിടികൂടിയ മാവിലായിയിലെ ഷിബിനിന്റെ കൈയെല്ല് അടിച്ചുപൊട്ടിച്ചു.എസ്‌കോര്‍ട്ട് വാഹനമില്ല എന്ന് പറഞ്ഞു നാല് ദിവസം ചികിത്സ നിഷേധിച്ചു. ജോലി ആവശ്യത്തിന് കണ്ണുരിലെത്തിയ മക്രേരി സ്വദേശി പി അരവിന്ദാക്ഷനെ ഭീകരമായി മര്‍ദിച്ചു. ധര്‍മടം ബാങ്കിലെ സെക്യുരിറ്റി ജീവനക്കാരന്‍ വിനോദിന്റെ പേഴ്‌സും മൊബൈല്‍ ഫോണും എടുത്തുകൊണ്ടുപോയി. പിണറായിയിലെ വത്സന്‍,ബിജു, ഷാനില്‍ എന്നിവരെ മര്‍ദിച്ചു. വത്സന്റെ കൈ അടിച്ചുപൊട്ടിച്ചു. കോട്ടയം നോര്‍ത്തിലെ ബസ് കണ്ടക്ടറായ സുഭാഷിനെ ജോലിക്കിടയില്‍ അറസ്റ്റ് ചെയ്തു. ധര്‍മടം സ്വദേശി ഷിതിന്‍, ഹര്‍ത്താല്‍ ദിവസം അറസ്റ്റ് ചെയ്ത ബാബുരാജ് എന്നിവരെ തലശ്ശേരി സിഐ മര്‍ദിച്ചു. ചെക്കികുളം കൃഷ്ണപിള്ള സ്മാരക വായനശാലക്ക് സമീപം നിന്നവര്‍ക്ക് നേരെ പൊലീസ് നടത്തിയ ഗ്രനേഡ്, ലാത്തിയടി, കല്ലേറ് എന്നിവയില്‍ 25 പേര്‍ക്ക് പരിക്കേറ്റു.
പയ്യന്നൂരില്‍ റെയിഡിന്റെ പേരില്‍ സി വി ദിലീപിന്റെയും കെ ബിജുവിന്റെയും ഗിരീഷിന്റെയും വീട്ടിലെ കൃഷി നശിപ്പിച്ച പൊലീസ് വൈദ്യുതി, ടെലിഫോണ്‍, കുടിവെള്ള പെപ്പ് എന്നിവ തകര്‍ത്തു. കണ്ടോത്തെ മിഥുന്‍, വിജേഷ് എന്നിവരെ മര്‍ദിച്ചു. വെള്ളൂര്‍ കാര്‍മേലിലെ വി ശശിയുടെ വീട്ടില്‍ നിര്‍ത്തിയ മൂന്ന് ബെക്ക് പൊലീസ് കൊണ്ടുപോയി. രാമന്തളി പുന്നക്കടവില്‍ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. കൈരളി ഹോട്ടലിന്റെ നെയിംബോര്‍ഡ് എടുത്തുകൊണ്ടുപോയി. ആഗസ്ത്ഒന്നിന് ചക്കരക്കല്ലില്‍ നിന്ന് 7പേരെ പിടികൂടി മര്‍ദിച്ചു ജയിലിലടച്ചു. മട്ടന്നുരില്‍ നിന്ന് സുരജ്(18) ദിപേഷ്, മധു എന്നിവരെ പിടിച്ചു ജിപ്പിലിട്ടും സ്‌റ്റേഷനില്‍ വെച്ചും മര്‍ദിച്ചു. മട്ടന്നൂര്‍ കാരയില്‍ വയാനശാലയില്‍ പത്രം വായിക്കുന്നവരെ അടിച്ചോടിച്ചു. ജിതേഷ് എന്ന യുവാവിന്റെ തുടയെല്ല് പൊട്ടി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കാരപേരാവൂരിലെ യു രൂപേഷിനെ മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷനിലിട്ടു മര്‍ദിച്ചു. ഡി വൈഎഫഐ പേരാവൂര്‍ വില്ലേജ് സെക്രട്ടറി കെസി പ്രസാദിനെയും ഭീകരമായി മര്‍ദിച്ചു. കേളകത്തെ ചുമട്ടുതൊഴിലാളി സുധീഷിനെ ബസില്‍ നിന്ന് വലിച്ചിറക്കിയാണ് മര്‍ദിച്ചത്. ആഗസത് ഒന്നിന് തലശേരിയില്‍ വനിതകളെയടക്കം പൊലീസ് ഉദ്യോഗസ്ഥരാണ് മര്‍ദിച്ചത്. സിപിഐ എം നേതാക്കളായ എം സുരേന്ദ്രന്‍, എംസി പവിത്രന്‍, സി പി കുഞ്ഞിരാമന്‍, കാരായി ബാലന്‍, വാഴയില്‍ വാസു, സി കെ രമേശന്‍, വി സതി, എം പ്രസന്ന, സി ഹരീന്ദ്രന്‍, ടി കൃഷ്ണന്‍ എന്നിവരടക്കം 40പേര്‍ക്ക് പരിക്കേറ്റു. തിരുവങ്ങാട്ടെ അശ്വിനിന്റെ കാല്‍ അടിച്ചു പൊട്ടിച്ചു.കുട്ടിമാക്കൂലിലെ ജിതേഷ്, സരീഷ്, ജിതീഷ് എന്നിവര്‍ക്കും മര്‍ദനമേറ്റു. കോടിയേരി നോര്‍ത്തിലെ സത്യന്‍, തലശ്ശേരിയിലെഎന്‍ രമേശന്‍, നഗരസഭാ കൗണ്‍സിലര്‍ സിഒടി നസീര്‍, തലായിയിലെ കെ അജയന്‍ എന്നിവരെ ഭീകരമായി മര്‍ദിച്ചു.പൊന്ന്യം സാമ്പ്രിക്കടത്ത്‌വെച്ചു ടി കെ ഷാജി, തിരുവങ്ങാട്ടെ സുധീര്‍ഥന്‍, പിണറയായിലെ കെ ബിജു എന്നിവരെ പിടികൂടി മര്‍ദിച്ചു.പാര്‍ടി തലശ്ശേരി ഏരിയകമ്മിറ്റി അംഗം എം പുരുഷോത്തമന്റെ വീട്ടിലും കതിരൂര്‍, പുല്ല്യോട്, കുണ്ടുചിറ എന്നിവിടങ്ങളിലെ വീടുകളിലും റെയിഡ് നടത്തി. പാട്യത്തെ എം രാജേഷിനെ മര്‍ദിച്ച പൊലീസ് രാജിവന്റെയും ജിത്തുവിന്റെയും ബൈക്ക് അടിച്ചു പൊളിച്ചു. പാട്യം പുതിയതെരുവില്‍ കെസി കമല, കാളിയത്താന്‍ വിജയന്‍, തുണ്ടിക്കണ്ടി വാസു, കേളോത്ത് പത്മിനി, ചിറ്റാരിക്കണ്ടി ലക്ഷ്മി, എന്നിവരുടെ വീടുകള്‍ പൊലീസ് തകര്‍ത്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post