വായനാദിനം: 40 ലക്ഷം പുസ്തകങ്ങള്‍ ഒറ്റ ക്ലിക്കില്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഗ്രന്ഥശാലകളുടെ പുസ്തകങ്ങള്‍ നിങ്ങളുടെ വിരല്‍തുമ്പില്‍. കമ്പ്യൂട്ടറില്‍ ക്ലിക്ക് ചെയ്താല്‍ പുസ്തകങ്ങളുടെയും വായനശാലയുടേയും പൂര്‍ണമായ വിവരം ലഭിക്കും.
ജില്ലാ ലൈബ്രറി തയ്യാറാക്കുന്ന വെബ്ബ് സൈറ്റില്‍ ഗ്രന്ഥശാലകള്‍ക്ക് പ്രത്യേക ലിങ്ക് നല്‍കിയാണ് രാജ്യത്താദ്യമായി ഇത്തരം ഒരു പദ്ധതി കണ്ണൂരില്‍ ആവിഷ്‌കരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട നൂറ് ഗ്രന്ഥശാലകളെയാണ് ആദ്യ ഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. പുസ്തക ലിസ്റ്റ്, വിതരണം, അംഗങ്ങളുടെ വിവരം, ഗ്രന്ഥശാലയില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഉള്‍കൊള്ളുന്ന തരത്തിലുള്ള സോഫ്റ്റ് വെയര്‍ തയ്യാറായി വരുന്നു. അംഗ ഗ്രന്ഥശാലകളുടെ മുഴുവന്‍ വിവരവും ഈ സോഫ്റ്റ് വെയറില്‍ ഉള്‍കൊള്ളിച്ചാണ് വെബ്ബ് സൈറ്റില്‍ ലിങ്ക് ചെയ്യുന്നത്. ഗ്രന്ഥശാലകളില്‍ നടക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികള്‍ അതാത് സമയം തന്നെ വെബ്ബ്‌സൈറ്റ് വഴി ലോകമെങ്ങുമുള്ള ആളുകള്‍ക്ക് കാണാന്‍ സാധിക്കും. നൂറ് ലൈബ്രറികളെയാണ് സോഫ്റ്റ് വെയര്‍ വഴി ലിങ്ക് ചെയ്യുന്നതെങ്കിലും ലൈബ്രറി കൗണ്‍സിലില്‍ അഫലിയേറ്റ് ചെയ്ത 740 ഗ്രന്ഥശാലകള്‍ക്കും ഓരോ പേജ് നല്‍കി അവരുടെ പൂര്‍ണവിവരവും ചരിത്രവും ഇതില്‍ ഉള്‍കൊള്ളിക്കും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കമ്പ്യൂട്ടര്‍ സംവിധാനമുള്ള എല്ലാ ഗ്രന്ഥശാലകളുടേയും പുസ്തകങ്ങളും വെബ്ബ്‌സൈറ്റില്‍ നല്‍കും.
ഇത് പൂര്‍ണമായാല്‍ ജില്ലയിലെ ഗ്രന്ഥശാലകളിലെ നാല്‍പത് ലക്ഷത്തോളം പുസ്തകങ്ങളുടെ വിവരങ്ങള്‍ ലോകത്തെവിടെ നിന്നും മനസിലാക്കാന്‍ സാധിക്കും. കൂടാതെ വിക്കി ഗ്രന്ഥശാലയുടെ സഹായത്തോടെ പകര്‍പ്പവകാശം കഴിഞ്ഞ ഒട്ടേറെ പുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് വായിക്കാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. കണ്ണൂര്‍ താലുക്കിലെ 198ഗ്രന്ഥശാലകളിലായി പത്ത് ലക്ഷത്തി എട്ടായിരം പുസ്തകങ്ങളും 51,739 അംഗങ്ങളും ഉണ്ട്. തളിപറമ്പ് താലുക്കില്‍ 337 വായനശാലകളില്‍ 16,09,500 പുസ്തകങ്ങളും 1,03,351 അംഗങ്ങളുമാണുള്ളത്. തലശേരി താലുക്കില്‍ 205 വായനശാലകളിലായി 11,93,500 പുസ്തകങ്ങളും 78,420 അംഗങ്ങളുമുണ്ട്.
താലുക്ക് ലൈബ്രറി, റഫറന്‍സ് ലൈബ്രറി, മോഡല്‍ വില്ലേജ് ലൈബ്രറി, ജയില്‍ ലൈബ്രറി, ആശുപത്രി ലൈബ്രറി, ഓര്‍ഫനേജ് ലൈബ്രറി, അക്കാദമിക്ക് സ്റ്റഡി സെന്റര്‍, അയല്‍പക്ക പഠന കേന്ദ്രം എന്നിവയും പ്രധാന എ ഗ്രേഡ് ലൈബ്രറികളുമാണ് ആദ്യ ഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുക. ഇതിന് പുറമെ ജില്ലയിലെ അമ്പത് കേന്ദ്രങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ ഹബ്ബും വിക്കീ ഗ്രന്ഥശാലയും തുടങ്ങി ഇ വായനയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനവും നടത്തുന്നുണ്ട്. രണ്ട് മാസം കൊണ്ട് പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാകുമെന്ന് ലൈബ്രറി കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post