പയ്യന്നൂര്‍: പൂജാരിയെ മുറിയില്‍ പൂട്ടിയിട്ടു ക്ഷേത്രത്തില്‍നിന്നു പഞ്ചലോഹ വിഗ്രഹവും തിരുവാഭരണങ്ങളും കവര്‍ന്നു. കോറോം ആലക്കാട്ടെ എളമ്പിലാന്തട്ട മഹാവിഷ്ണു ക്ഷേത്രത്തില്‍ ഞയറാഴ്ച പുലര്‍ച്ചെയാണു സംഭവം. ക്ഷേത്രം പൂജാരി സുബ്രഹ്മണ്യന്‍ നമ്പൂതിരിയെ (65) മുറിയില്‍ പൂട്ടിയിട്ടായിരുന്നു കവര്‍ച്ച. ക്ഷേത്രത്തോടനുബന്ധിച്ചുള്ള കെട്ടിടത്തിലാണു സുബ്രഹ്മണ്യന്‍ നമ്പൂതിരി താമസിച്ചിരുന്നത്. ഈ മുറി പുറത്തുനിന്നു പൂട്ടിയ മോഷ്ടാക്കള്‍ ക്ഷേത്ര ചുറ്റമ്പലത്തിന്റെ പൂട്ടു പൊളിച്ചാണ് അകത്തുകടന്നത്.
തുടര്‍ന്നു ശ്രീകോവിലിന്റെ വാതില്‍ തകര്‍ത്തു തിടമ്പ് എഴുന്നള്ളത്തിനായി ഉപയോഗിക്കുന്ന പഞ്ചലോഹ വിഗ്രഹവും വിഗ്രഹത്തിനു ചാര്‍ത്തിയ രണ്ടു പവന്‍ വരുന്ന തിരുവാഭരണങ്ങളും കവരുകയായിരുന്നു. വിഗ്രഹത്തിനു മുകളിലുണ്ടായിരുന്ന പ്രഭാവലയം ക്ഷേത്രത്തിനു തൊട്ടടുത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ ക്ഷേത്രത്തില്‍ വിളക്കുവയ്ക്കാനെത്തിയയാളാണു ക്ഷേത്രം കുത്തിത്തുറന്ന നിലയില്‍ കാണുന്നത്. ഇതേ തുടര്‍ന്നു പൂജാരിയെ തിരക്കിയപ്പോള്‍ അദ്ദേഹത്തെ മുറിയില്‍ പൂട്ടിയിട്ട നിലയിലും കണ്ടെത്തി. പയ്യന്നൂര്‍ സിഐ പി.കെ. ധനഞ്ജയബാബു, പെരിങ്ങോം എസ്‌ഐ രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു
Post a Comment