കമിതാക്കള്‍ നഗരത്തിലെ ലോഡ്ജില്‍ ജീവനൊടുക്കി

കണ്ണൂര്‍: നഗരത്തിലെ ലോഡ്ജില്‍ കമിതാക്കള്‍ ജീവനൊടുക്കി. കാഞ്ഞങ്ങാട് കോടോത്തെ സമീപത്തെ പി.കെ. സുധീഷ്‌കുമാര്‍ (38), കാസര്‍ഗോഡ് കള്ളാര്‍ പഞ്ചായത്തിലെ കൊട്ടോടിയിലെ ഗ്രാഡിപ്പള്ളയിലെ കെ. സൗമ്യ (28) എന്നിവരാണു മരിച്ചത്. ശനിയാഴ്ച രാത്രി ഒന്‍പതോടെ പ്ലാസ ജംഗ്ഷനിലെ ലോഡ്ജുമുറിയിലാണു ഇരുവരെയും ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ഇവര്‍ ലോഡ്ജില്‍ ഒരു ദിവസത്തേക്കു മുറിയെടുത്തത്. ഇന്നലെ രാവിലെ സുധീഷ്‌കുമാര്‍ ഭക്ഷണം വാങ്ങി കൊണ്ടുവരുന്നതും ജീവനക്കാര്‍ കണ്ടിരുന്നു. വൈകുന്നേരം മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണു നൈലോണ്‍ കയറില്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോഡിംഗ് തൊഴിലാളിയായ സുധീഷ്‌കുമാര്‍ അവിവാഹിതനാണ്. സൗമ്യയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഡിവൈഎസ്പി പി. സുകുമാരന്‍, ടൗണ്‍ സിഐ എം.വി. അനില്‍കുമാര്‍, എസ്‌ഐ കെ. പ്രേംസദന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇരുവരുടെയും ബന്ധുക്കളെ പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post