ഹോട്ടല്‍ മാലിന്യം സ്വകാര്യസ്ഥലത്തു തള്ളി,വിവാദമായപ്പോള്‍ ഹോട്ടലുകാര്‍ നീക്കി

കണ്ണൂര്‍: സ്വകാര്യവ്യക്തിയുടെ പറമ്പില്‍ ഹോട്ടല്‍ മാലിന്യം തള്ളി. നാട്ടുകാര്‍ ഇടപെട്ടപ്പോള്‍ ഹോട്ടലുകാര്‍ മാലിന്യം നീക്കി. ഞായറാഴ്ച പള്ളിക്കുന്ന് പന്നേന്‍പാറയ്ക്കു സമീപം കെപി റോഡിനോടു ചേര്‍ന്നു സ്വകാര്യ വ്യക്തിയുടെ പറമ്പിലാണു ഹോട്ടല്‍ മാലിന്യം തള്ളിയത്. നഗരത്തിലെ താജ് ഹോട്ടല്‍ ജീവനക്കാരനായ ബാബുവാണു തന്റെ വീടിനോടു ചേര്‍ന്നുള്ള രണ്ടുപേരുടെ പറമ്പില്‍ മാലിന്യം ഇറക്കിയത്. ഹോട്ടലിലെ മാലിന്യം നീക്കാന്‍ ഇയാള്‍ 5,000 രൂപയ്ക്കു കരാറെടുക്കുകയായിരുന്നു. തുടര്‍ന്നു വാഹനത്തില്‍ കയറ്റിയ മാലിന്യം റോഡരികില്‍ രണ്ടു പറമ്പുകളിലായി ഇറക്കുകയായിരുന്നു. മാലിന്യം തള്ളുന്നതു ചോദ്യംചെയ്ത നാട്ടുകാരെ വകവയ്ക്കാതെ മിനി ലോറിയില്‍ എത്തിയവര്‍ മാലിന്യം പറമ്പില്‍ തള്ളി സ്ഥലംവിട്ടു.
പിന്നീടു പഞ്ചായത്ത് അംഗം ചേറ്റൂര്‍ രാഗേഷിന്റെ നേതൃത്വത്തില്‍ കൂടുതല്‍ നാട്ടുകാര്‍ സംഘടിച്ചെത്തി ബാബുവിനെ ചോദ്യം ചെയ്തപ്പോഴാണു ഹോട്ടല്‍ മാലിന്യമാണെന്നു മനസിലായത്. തുടര്‍ന്നു രാഗേഷ് ബന്ധപ്പെട്ടപ്പോഴാണു ഹോട്ടലുകാര്‍ അബദ്ധം മനസിലാക്കിയത്. ഉടന്‍ വാഹനവുമായി ജീവനക്കാരെത്തി മാലിന്യം കയറ്റിക്കൊണ്ടുപോയി. തങ്ങള്‍ മാലിന്യം നീക്കാന്‍ മറ്റൊരാള്‍ക്കു കരാര്‍ നല്‍കിയപ്പോള്‍ താന്‍ ഏറ്റെടുത്തു കൊള്ളാമെന്നു പറഞ്ഞു ബാബു സ്വയം മുന്നോട്ടുവരികയായിരുന്നുവെന്നു ഹോട്ടലുകാര്‍ പറഞ്ഞു. തന്റെ പറമ്പില്‍ കുഴിച്ചിടാമെന്നു പറഞ്ഞാണു ബാബു മാലിന്യം ലോറിയില്‍ കൊണ്ടുപോയതെന്നും ഇവര്‍ വ്യക്തമാക്കി.
പകര്‍ച്ചപ്പനി വ്യാപകമായതിനെ തുടര്‍ന്നു രാഗേഷിന്റെ നേതൃത്വത്തില്‍ മൂന്നാം വാര്‍ഡില്‍ മാലിന്യം നിര്‍മാര്‍ജനത്തിനും കെട്ടിക്കിടക്കുന്ന മലിനജലം ഒഴിവാക്കുന്നതിനും തീവ്രശ്രമം നടത്തിവരികയായിരുന്നു. പന്നേന്‍പാറ റോഡില്‍ കെപി റോഡ് ജംഗ്ഷനില്‍ വിജനമായി കിടന്നിരുന്ന സ്ഥലത്തു മാലിന്യനിക്ഷേപം രൂക്ഷമായതിനെ തുടര്‍ന്നു സ്ഥലം തെളിച്ച് വാഴയും പച്ചക്കറിയും നട്ടിരുന്നു. ഹരിതയോരം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവിടെ കൃഷിയിറക്കിയത്. ഇവിടെ റോഡിലെ വെള്ളക്കെട്ടും കഴിഞ്ഞദിവസം നീക്കിയിരുന്നു. മാലിന്യ നിക്ഷേപത്തിനെതിരേ നാട്ടുകാര്‍ ഊര്‍ജിത പ്രവര്‍ത്തനം നടത്തുന്നതിനിടെയാണു ഹോട്ടല്‍ മാലിന്യം തള്ളിയത്. സംഭവമറിഞ്ഞു നിരവധിപേര്‍ സ്ഥലത്തെത്തി.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post