പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി തടിയന്റവിട നസീറിന്റെ പിതാവ്


കണ്ണൂര്‍: മൂത്തമകന്‍ തീവ്രവാദ കേസുമായി ബന്ധപ്പെട്ട് അറസ്റിലായതിന്റെ പേരില്‍ പോലീസ് തന്നെയും കുടുംബത്തെയും പോലീസ് പീഡിപ്പിക്കുന്നതായി തടിയന്റവിട നസീറിന്റെ പിതാവും, വിദേശത്ത് ബിസിനസുകാരനുമായ തയ്യില്‍ ബൈത്തുല്‍ഹിലാലിലെ അബ്ദുള്‍മജീദാണ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. നസീര്‍ അറസ്റിലായതിന് പിന്നാലെ ഇളയമകനെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാന്‍ ശ്രമിക്കുന്നതായി അദ്ദേഹം അരോപിച്ചു.
തനിക്ക് 6 മക്കളാണെന്നും ഇതില്‍ മൂത്തമകനായ നസീറാണ് തീവ്രവാദകേസില്‍ ജയിലില്‍ കഴിയുന്നതെന്നും ഇളയ മകനായ ഷമീമിനെ പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും അബ്ദുള്‍മജീദ് പറഞ്ഞു. ഷമീമും സുഹൃത്തുക്കളും തമ്മിലുള്ള തര്‍ക്കത്തില്‍ കണ്ണൂര്‍ സിറ്റി, ടൌണ്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഓരോന്ന് വീതം കേസുണ്ടായിരുന്നെങ്കിലും അതൊക്കെ തീര്‍ന്നതായിരുന്നു. 2011 നവം. 14ന് കാല്‍ടെക്സ് ജംഗ്ഷനിലെ ഒരു ലോഡ്ജില്‍ നടന്ന അക്രമവും കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഷമീമിനെ കള്ളക്കേസില്‍ പ്രതിയാക്കിയിരുന്നു. എന്നാല്‍ സംഭവത്തിലെ പരാതിക്കാരനായ ഇസ്മായില്‍ തന്നെ ആക്രമിക്കാന്‍ വന്ന സംഘത്തില്‍ ഷമീം ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ ഉദ്യാഗസ്ഥരോട് പറഞ്ഞിരുന്നെങ്കിലും തടിയന്റവിട നസീറിന്റെ സഹോദരനായതിനാല്‍ അതുകൊണ്ടൊന്നും തങ്ങള്‍ക്ക് കേള്‍ക്കേണ്ടെന്നായിരുന്നു അന്വേഷണ ഉദ്യാഗസ്ഥനായ ഡിവൈഎസ്പി പറഞ്ഞിരുന്നതെന്നും അബ്ദുള്‍മജീദ് പറഞ്ഞു.
നസീറിന്റെ കാര്യത്തില്‍ താന്‍ യാതൊരു വിധത്തിലും ഇടപെട്ടിട്ടില്ല. ഇനി ഇടപെടാന്‍ ഉദ്ദേശിക്കുന്നുമില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിച്ചോട്ടെയെന്നാണ് തന്റെ നിലപാട്. പക്ഷെ നിരപരാധിയായ തന്റെ ഇളയമകനെയും കുടുംബത്തെയും തടിയന്റവിട എന്നവീട്ടുപേരുള്ളതുകൊണ്ട്മാത്രം പീഡിപ്പിക്കുകയാണ്. ഇതിനേക്കാള്‍ നല്ലത് സിക്രട്ടറിയേറ്റിന് മുന്നില്‍ തങ്ങളെ വിളിച്ചുവരുത്തി വെടിവെച്ച് കൊല്ലുകയാണ്. സംസ്കാരത്തിനായി സിക്രട്ടറിയേറ്റിന് മുന്നില്‍ ആറടി മണ്ണ് തന്നാല്‍മതി. വിദേശത്ത് ജോലിചെയ്യുന്ന ഷമീമിനെ കള്ളക്കേസില്‍ കുടുക്കി പോലീസ് പിടികൂടിയാല്‍ പിന്നെ അവനെ ജീവനോടെ കാണാന്‍ പറ്റുമോയെന്ന സംശയമുണ്ട്. നിരപരാധിത്വം തെളിയിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡിജിപിയെ കണ്ട് ആവശ്യപ്പെട്ടപ്പോള്‍ ഈമാസം 21ന് കാണാമെന്ന് ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷമായി സത്യസന്ധതയോടെ ഭരണം നടത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഭരണത്തെ കരിതേച്ച് കാണിക്കാന്‍ മാത്രമെ ഇത്തരം സംഭവങ്ങള്‍ ഉതകുകയുള്ളൂ. ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ അടുത്ത ദിവസം തന്നെ കാണു ന്നുണ്ടെന്നും അബ്ദുള്‍മജീദ് പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post