പ്രശാന്ത് ബാബുവില്‍ നിന്നും മൊഴിയെടുത്തു

കണ്ണൂര്‍: സിപിഎം നേതാവ് ഇ.പി. ജയരാജനെ കൊലപ്പെടുത്താന്‍ കെ. സുധാകരന്‍ ഗൂഢാലോചന നടത്തിയെന്ന മുന്‍ഡ്രൈവറും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പ്രശാന്ത് ബാബു വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക അന്വേഷണസംഘം ഇയാളില്‍ നിന്നും മൊഴിയെടുത്തു. അന്വേഷണസംഘാംഗവും കണ്ണൂര്‍ എസ്പിയുമായ രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മൊഴിയെടുത്തത്. കണ്ണൂര്‍ എസ്പി ഓഫീസില്‍ ഹാജരാകണമെന്നു കാണിച്ചു പോലീസ് നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ പ്രശാന്ത് ബാബു എസ്പി ഓഫീസില്‍ ഹാജരാകുകയായിരുന്നു. എസ്എസ്ബി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, ഡിസിആര്‍ബി ഡിവൈഎസ്പി കെ.എ. ലോറന്‍സ് എന്നിവരും മൊഴിയെടുക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നു. വൈകുന്നേരം നാലരയോടെ ആരംഭിച്ച മൊഴിയെടുക്കല്‍ മണിക്കൂറുകളോളം നീണ്ടു. രാത്രി ഏറെ വൈകിയാണ് മൊഴിയെടുക്കല്‍ അവസാനിച്ചത്.
പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞു ട്രെയിനില്‍ വരുന്നതിനിടെ ആന്ധ്രപ്രദേശിലെ ഓങ്കോളില്‍ വച്ചു ഇ.പി. ജയരാജനു നേരെ വെടിവയ്പ്പുണ്ടായത് ഗൂഢാലോചനയുടെ ഫലമായി സംഭവിച്ചതാണെന്നു കരുതുന്നുവെന്നായിരുന്നു പ്രശാന്ത് ബാബു കഴിഞ്ഞ ദിവസം ചില ചാനലുകളോട് വെളിപ്പെടുത്തിയത്. ഇതോടൊപ്പം കണ്ണൂരിലെ സേവറി ഹോട്ടലിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ നാണു എന്ന ജീവനക്കാരന്‍ കൊല്ലപ്പെട്ടതും തെക്കീബസാറിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണപ്രസിനു നേരെ ആക്രമണമുണ്ടായതും സുധാകരന്റെ അറിവോടെയാണെന്നും പ്രശാന്ത് ബാബു വെളിപ്പെടുത്തിയിരുന്നു. എറണാകുളത്തെ ഒരു ക്വട്ടേഷന്‍ടീമിനെ ഇതിനായി സുധാകരന്‍ കണ്ണൂരിലേക്കു വിളിച്ചു വരുത്തിയതാണെന്നും പ്രശാന്ത് ബാബു പറഞ്ഞിരുന്നു. സുധാകരന്റെ നടാലിലുള്ള വീട്ടില്‍ വച്ചു നടന്ന ഗൂഢാലോചനയില്‍ കണ്ണൂരിലെ ഒരു അഭിഭാഷകനും ഉണ്ടായിരുന്നുവെന്നും ആരോപിച്ചിരുന്നു. സംഭവസമയത്ത് ഇതേ കുറിച്ചു തനിക്കു വ്യക്തതയില്ലായിരുന്നു. പിന്നീട് ഇ.പി.ജയരാജനു വെടിയേറ്റ ശേഷം കഴിഞ്ഞ കാര്യങ്ങള്‍ കൂട്ടിവായിച്ചപ്പോഴാണ് ഇതിനു പിന്നില്‍ ഗൂഢാലോചന നടന്നതായി താന്‍ വിലയിരുത്തിയതെന്നാണ് പ്രശാന്ത് ബാബു പോലീസിനോടു പറഞ്ഞിരിക്കുന്നത്. ഇതോടൊപ്പം നാല്‍പാടി വാസു വധക്കേസ്, ചൊവ്വയിലെ സഹകരണബാങ്ക് ആക്രമിച്ചു ജീവനക്കാരനായ വിനോദിനെ വെട്ടിപരിക്കേല്‍പിച്ച സംഭവം എന്നിവയെ കുറിച്ചും പോലീസ് ചോദ്യങ്ങളുന്നയിച്ചു. എന്നാല്‍ മ്റ്റു പലകേസുകളെ കുറിച്ചും വ്യക്തമായ അറിവില്ലെന്ന രീതിയിലാണ് മൊഴി നല്‍കിയതെന്നും സൂചനയുണ്ട. ഇതിനിടെ സുധാകരന്‍ ഡിസിസി പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ ഓഫീസില്‍് ബോംബുകള്‍ ഉള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചു വച്ചതിനെ കുറിച്ചും മൊഴിയില്‍ പരാമര്‍ശിച്ചതായി സൂചനയുണ്ട്.
ഇതിനിടെ സര്‍ക്കാര്‍ തന്റെ സുരക്ഷയ്ക്കായി നിയോഗിച്ച പോലീസ് സുരക്ഷ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു പ്രശാന്ത്ബാബു എസ്പിക്കു അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും സുരക്ഷ പിന്‍വലിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പോലീസ്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم