കെ.എം. ഷാജിയെ ലീഗ് ജില്ലാ സെക്രട്ടറിയാക്കണമെന്ന് അണികള്‍

തളിപ്പറമ്പ: മുസ്ലിംലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി അണികളുടെ വികാരത്തെ സംസ്ഥാന നേതൃത്വം അംഗീകരിച്ച് കൊണ്ടാണ് സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. വര്‍ഷങ്ങളായി ലീഗിന്റെ ഭാരവാഹികളെ പാണക്കാട് തങ്ങള്‍ പ്രഖ്യാപിക്കാറാണ് പതിവ്. തങ്ങളുടെ പ്രഖ്യാപനം ആരും നിഷേധിക്കാറില്ല. എന്നാല്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലാ ഭാരവാഹികളെ തങ്ങള്‍ പ്രഖ്യാപിച്ചത് അംഗീകരിക്കാന്‍ അതാത് ജില്ലകളിലെ അണികള്‍ തയ്യാറായില്ല. മൗലവിയെ പ്രസിഡണ്ടാക്കിയെങ്കിലും പൊതു പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ പോലും തയ്യാറായില്ല. ഈ സാഹചര്യത്തില്‍ അണികളുടെ വികാരം മാനിച്ച് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ ഭാരവാഹികളെ മാറ്റാന്‍ ലീഗ് നേതൃത്വം നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. കാസര്‍കോട്ടെ സി.ടി. അഹമ്മദലിയെ സംസ്ഥാന വൈസ് പ്രസിഡണ്ടാക്കി അവിടുത്തെ പ്രശ്‌നം പരിഹരിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പി.കെ.കെ. ബാവയെ അംഗീകരിക്കാന്‍ കൊയിലാണ്ടിയിലെയും മറ്റും ലീഗ് അണികള്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് ബാവയെ സംസ്ഥാന വൈസ് പ്രസിഡണ്ടാക്കി റസാക്ക് മാസ്റ്ററെ പ്രസിഡണ്ടാക്കി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. കണ്ണൂരിലാണ് ലീഗിലെ പ്രശ്‌നം സംഘര്‍ഷത്തിലായത്. മൗലവിയെ മാറ്റാന്‍ സംസ്ഥാന നേതൃത്വം തയ്യാറായി. പകരം അബ്ദുള്‍ റഹ്മാന്‍ കല്ലായിയെ പ്രസിഡണ്ടാക്കാനാണ് തീരുമാനം. ജനറല്‍ സെക്രട്ടറിയായി കെ.എം. ഷാജി എം.എല്‍.എ വരണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ. അഹമ്മദും ആഗ്രഹിക്കുന്നു. ഒരാള്‍ക്ക് ഒരു പദവി എന്ന തത്വം കണ്ണൂരിലെ പ്രത്യേക സാഹചര്യത്തില്‍ മാറ്റിവെക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറാണ്. എന്നാല്‍ കെ.എം. ഷാജി ഇതിന് വഴങ്ങിയിട്ടില്ല. വയനാടുകാരനായ ഞാന്‍ ജനറല്‍ സെക്രട്ടറിയാകുന്നത് ശരിയല്ലെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം ജില്ലയിലെ മുസ്ലിംലീഗ് അണികള്‍ പ്രത്യേകിച്ച് യുവാക്കള്‍ ഷാജി ജനറല്‍ സെക്രട്ടറിയാകണമെന്ന ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. ഷുക്കൂര്‍ വധക്കേസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ ഷാജി നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. ലിഗീലെ സാധാരണക്കാര്‍ എന്താവശ്യത്തിനും സമീപിക്കുന്നതും ഷാജിയെയാണ്. അതുകൊണ്ടുതന്നെ ഷാജി ജനറല്‍ സെക്രട്ടറിയാകുന്നത് ജില്ലയിലെ മുസ്ലിംലീഗിലെ പുത്തന്‍ ഉണര്‍വാകുമെന്ന നിഗമനത്തിലാണ് ലീഗ് നേതൃത്വം. ഷാജി തയ്യാറാകുന്നില്ലെങ്കില്‍ അഡ്വ. പി.വി. സൈനുദ്ദീനെ ജനറല്‍ സെക്രട്ടറിയാക്കാനാണ് തീരുമാനം.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم