കണ്ണൂര്‍ മുസ്ലിം ലീഗില്‍ പൊട്ടിത്തെറി:പോലീസുമായി വാക്കേററം, ഇ.അഹമ്മദിന്റെ കോലം കത്തിച്ചു


കണ്ണൂര്‍ : മുസ്ളീംലീഗ് ജില്ലാ ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് ഏകപക്ഷീയമായി പ്രഖ്യാപിക്കുകയും ജില്ലാ കമ്മിറ്റി ഭാരവാഹി തെരഞ്ഞെടുപ്പ് നടത്താതിരിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് മുസ്ളീംലീഗ് പ്രവര്‍ത്തകര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിയും അഖിലേന്ത്യാ പ്രസിഡന്റുമായ ഇ അഹമ്മദിന്റെ കോലം കത്തിക്കുകയും ചെയ്തു.
രാവിലെ 11.30 ഓടെയാണ് നാല്‍പതോളം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ മുസ്ളീംലീഗിന്റെ കൊടിയും കരിങ്കൊടിയും ഉയര്‍ത്തിപ്പിടിച്ച് ഇ.അഹമ്മദിന്റെ കോലവുമായി പ്രകടനം നടത്തി ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്. ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. ലീഗ് ഓഫീസിന്റെ ഷട്ടര്‍ പുറത്ത് നിന്ന് പൂട്ടിയിരുന്നു. അകത്ത് കയറാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പോലീസുമായി വാക്കേറ്റം നടത്തിയ പ്രവര്‍ത്തകര്‍ ഓഫീസിന്റെ മുറ്റത്ത് വെച്ചാണ് ഇ അഹമ്മദിന്റെ കോലം കത്തിച്ചത്. തുടര്‍ന്ന് മണിക്കൂറുകളോളം ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രവാക്യം മുഴക്കുകയായിരുന്നു. ഇ അഹമ്മദിനെതിരെ രൂക്ഷമായി മുദ്രാവാക്യങ്ങളാണ് പ്രവര്‍ത്തകര്‍ മുഴക്കിയത് കോണ്‍ഗ്രസിന്റെ ചെരുപ്പ് നക്കിയാണെന്നും നഗരസഭാ ഭരണം കോണ്‍ഗ്രസിന് അടിയറ വെച്ചത് അഹമ്മദാണെന്നും പ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞു. കുഞ്ഞാലിക്കുട്ടിയെ സി പി എം വേട്ടയാടിയപ്പോള്‍ സംരക്ഷിക്കാന്‍ മുന്നില്‍ നിന്ന പ്രവര്‍ത്തകരെ കുഞ്ഞാലിക്കുട്ടി മറന്നെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ജില്ലാ കൌണ്‍സിലിനെ നോക്കുകുത്തിയാക്കിയ ഇ അഹമ്മദിന് ഗദ്ദാഫിയുടെ ഗതിയാണ് വരാന്‍ പോകുന്നതെന്നും കണ്ണൂരിലെ ലീഗ് പ്രവര്‍ത്തകര്‍ മാപ്പ് തരില്ലെന്നും ഇവര്‍ മുദ്രാവാക്യം വിളിച്ചു.
പുറത്ത് ബഹളം നടക്കുമ്പോള്‍ ഓഫീസിനകത്ത് എം എസ് എഫ് ജില്ലാ ജന.സെക്രട്ടറി സൈഫുദ്ദീന്‍ നാറാത്തും, ഓഫീസ് ജീവനക്കാരും മാത്രമെ ഉണ്ടായിരുന്നുള്ളു. മറ്റുള്ളവര്‍ സംഘര്‍ഷം ഭയന്ന് സ്ഥലത്ത് എത്തിയിരുന്നില്ല. പ്രതിഷേധത്തിന് റാസിഖ് ചാലാട്, ഷംസീര്‍, ബഷീര്‍ കക്കാട്, റംസി സിറ്റി, ആരിഫ് കക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ജില്ലാ കൌണ്‍സില്‍ യോഗം ചേരാതെ ജില്ലാ പ്രസിഡന്റായി വി കെ അബ്ദുള്‍ ഖാദര്‍ മൌലവിയേയും ജന. സെക്രട്ടറിയായി അബ്ദുറഹ്മാന്‍ കല്ലായിയേയും അടക്കം ജില്ലാ ഭാരവാഹികളെ ഇന്നലെ സംസ്ഥാന പ്രസിഡന്റ് നോമിനേറ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. അഖിലേന്ത്യാ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന്റെ സ്വന്തം തട്ടകത്തില്‍ അസഭ്യ വര്‍ഷം ചൊരിഞ്ഞ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത് ലീഗിനെ ചേരിപോരിന് പുതിയ മാനങ്ങള്‍ നല്‍കിയിരിക്കുകയാണ്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم