വൈദ്യുതി തൂണ്‍ തകര്‍ന്നു പരിക്കേറ്റ നബീസൂന് 50,000 രൂപ അടിയന്തര ധനസഹായം

ഇരിട്ടി: കഴിഞ്ഞദിവസം വൈദ്യുതി തൂണ്‍ തകര്‍ന്നുവീണു ഗുരുതരമായി പരിക്കേറ്റു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെരിങ്കിരി കടാങ്കോട്ട് നബീസുവിന്റെ ചികിത്സാ ചെലവിലേക്കു വൈദ്യുത വകുപ്പ് അടിയന്തര ധനസഹായമായി 50,000 രൂപ നല്‍കി. കൂടുതല്‍ സഹായം അനുവദിക്കാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നു സണ്ണിജോസഫ് എംഎല്‍എ പറഞ്ഞു.
സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിനു മുമ്പേ ഇരിട്ടി മേഖലയിലെ വൈദ്യുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരാണു പണം സ്വരൂപിച്ചു നല്‍കിയത്. വൈദ്യുതി വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ. ഗോപകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം പരിശോധിച്ചു. ഈ മേഖലയിലെ മലയോര ഹൈവേയുടെ നിര്‍മാണത്തെ തുടര്‍ന്നു റോഡ് കുഴിച്ചു മണ്ണുനീക്കിയപ്പോള്‍ അടിത്തറയിളകിയ വൈദ്യുതി തൂണുകള്‍ നീക്കംചെയ്യാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.
വൈദ്യുതി തൂണ്‍ തകര്‍ന്നുവീണു വീട്ടമ്മയ്ക്കു പരിക്കേല്ക്കാനിടയായ സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അപകടത്തിലായ തൂണുകള്‍ ഉടന്‍ മാറ്റിസ്ഥാപിക്കണമെന്നും പായം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
വൈദ്യുത തൂണുകള്‍ അപകടാവസ്ഥയിലായതിനാല്‍ കുന്നോത്ത്, കിളിയന്തറ, പെരിങ്കരി മേഖലയിലേക്കു സഞ്ചരിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഭീതിയോടെയാണു യാത്ര ചെയ്യുന്നത്. തകര്‍ന്നു ചെളിക്കുളമായ കൂമന്‍തോട്-വള്ളിത്തോട് റോഡ് ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ടു സര്‍ക്കാരിനു നിവേദനം നല്‍കുമെന്നും യോഗം അറിയിച്ചു. മണ്ഡലം പ്രസിഡന്റ് പി.സി. പോക്കര്‍ അധ്യക്ഷത വഹിച്ചു. എം.ജെ. ജോണ്‍, ദേവസ്യ കൊങ്ങോല, ബിജു കുറുമുട്ടം, ഉലഹന്നാന്‍ പേരെപറമ്പില്‍, ജോസ് വട്ടപ്പാറ, ജോസ് മാടത്തില്‍, മൂര്യന്‍ രവീന്ദ്രന്‍, കെ.പി. ജാനിഖാന്‍, കെ. ബാലകൃഷ്ണന്‍, തോമസ് വര്‍ഗീസ്, മട്ടിണി വിജയന്‍, വി. മോഹനന്‍, വി. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم