വനംപരിസ്ഥിതി മന്ത്രാലയത്തിലെ അഞ്ചു ഉദ്യോഗസ്ഥരെ മോചിപ്പിച്ചു


Kottiyoor Jeep
കൊട്ടിയൂര്‍: കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പൊട്ടംതോട് മലയില്‍ ബന്ദികളാക്കിയ വനംപരിസ്ഥിതി മന്ത്രാലയത്തിലെ അഞ്ചു ഉദ്യോഗസ്ഥരെ കലക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മോചിപ്പിച്ചു. വ്യാഴാഴ്ച പകല്‍മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെവരെ പത്തുമണിക്കൂറോളം ബന്ദികളാക്കിയ വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ എസ്. എസ് കുമ്പാരെ, മുഹമ്മദ്പര്‍വീസ്, നവീന്‍കുമാര്‍,കെ.ലിംഗപ്പ, ബി. ചെനബസപ്പ എന്നിവരെയാണ് മോചിപ്പിച്ചത്.

കൊട്ടിയൂര്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ ഫാ. തോമസ് മണക്കുന്നോലുമായി പുലര്‍ച്ചെ രണ്ടുമണിവരെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തടഞ്ഞുവച്ച ഉദ്യോഗസ്ഥരെ വിട്ടയക്കാന്‍ തീരുമാനമായത്. അനുരഞ്ജന ചര്‍ച്ചയില്‍ കണ്ണൂര്‍ ജില്ലാപൊലീസ് മേധാവി രാഹുല്‍ ആര്‍. നായരും പങ്കെടുത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് നീണ്ടുനോക്കി സ്വദേശികളായ ക്‌ളിന്റ് സെബാസ്റ്റ്യന്‍(22) സുമിന്‍ മാത്യു(23) ഫ്രാങ്കോ ജോസ്(19) നിജിന്‍ജോസ്(20) എന്നിവരെ ഇന്നലെ രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത് കൊട്ടിയൂര്‍ മേഖലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അറസ്റ്റില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കേളകം പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചുള്‍പ്പെടെയുളള സമരപരിപാടികള്‍ ആരംഭിക്കാന്‍ ഒരുങ്ങവെ കെ.സുധാകരന്‍ എം.പി, അഡ്വ.സണ്ണിജോസഫ് എം. എല്‍. എ, ജെയിംസ് മാത്യു എം. എല്‍. എ എന്നിവര്‍ ഇടപ്പെട്ട് മുഖ്യമന്ത്രിയെ കാര്യം ധരിപ്പിച്ചു. ഇതിനെ തുടര്‍ന്ന് മാലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലുണ്ടായിരുന്നവരെ മോചിപ്പിക്കുകയായിരുന്നു. ഇതോടെയാണ് സംഘര്‍ഷാവസ്ഥ തണുത്തത്.


കൊട്ടിയൂരില്‍ കര്‍ണ്ണാടക വനപാലക സംഘത്തെ തടഞ്ഞുവച്ചത് റിപ്പോര്‍ട്ടു ചെയ്യാനായി പോയ പത്ര ദൃശ്യമാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് ക്രൂരമായി.

ഇരട്ടത്തോട്ടില്‍ അക്രമം നടന്ന സ്ഥലത്തുവച്ച് ഫോട്ടോയെടുക്കുകയായിരുന്ന മംഗളം പേരാവൂര്‍ ലേഖകന്‍ കെ.ജി യശോദരനെ ഒരു സംഘം തല്ലിച്ചതച്ചു. അക്രമികളില്‍ നിന്നും രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറിയെങ്കിലും അവിടെയും പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേററ യശോദരന്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. പൊട്ടന്‍തോട്ടില്‍ ജീപ്പ് കത്തിക്കുന്നതിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ദീപിക പ്രാദേശിക ലേഖകന്‍ എം.ജെ റോബിനും(32) ക്രൂമായി മര്‍ദ്ദനമേററു. രക്ഷപ്പെടാന്‍ റോബിന്‍ സമീപമുളള ഒരുവീട്ടില്‍ ഓടിക്കയറിയ റോബിനെ അക്രമം ഭയന്ന വീട്ടുകാര്‍ ഇറക്കിവിട്ടു. ദേഹാമാസകലം മര്‍ദ്ദനമേററ റോബിനെ പേരാവൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രാദേശിക ചാനല്‍റിപ്പോര്‍ട്ടര്‍ സജീവ് നായര്‍, മനോരമ പ്രാദേശിക ലേഖകന്‍ ജോയി ജോസഫ് എന്നിവര്‍ക്കും മര്‍ദ്ദനമേററു. ജോയിയുടെ ക്യാമറ തകര്‍ക്കാനും ശ്രമമുണ്ടായി.

സംഘര്‍ഷത്തില്‍ മുപ്പതോളം പൊലീസുകാര്‍ക്ക് പരിക്കേററു. ഇവര്‍ തലശേരി, കൂത്തുപറമ്പ്, ഇരിട്ടി എന്നിവടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലാണ്. മൂന്നു സി. ഐമാരും നാലു എസ്. ഐമാര്‍ക്കും അക്രമാസക്തമായ ജനക്കൂട്ടത്തിന്റെ കലിതുളളലില്‍ പരിക്കേററിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ബൈക്കില്‍ പോവുകയായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് എ. എസ്. ഐ സഞ്ചരിച്ച ബൈക്ക് കൊട്ടിയൂര്‍ പാല്‍ചുരത്തുവച്ച് ഒരു സംഘം അക്രമികള്‍ തീവച്ച് നശിപ്പിച്ചു. സി. ഐ മാരായ വി.വി മനോജ്(ഇരിട്ടി) കെ.വി ബാബു(കൂത്തുപറമ്പ്) കെ.വി വേണുഗോപാല്‍(മട്ടന്നൂര്‍) എസ്. ഐമാരായ വേണു(കേളകം) ബാലകൃഷ്ണന്‍(ഇരിട്ടി) രവീന്ദ്രന്‍(കൂത്തുപറമ്പ്) പി.കെ പ്രകാശ്(മട്ടന്നൂര്‍) പൊലീസുകാരായ കേളകത്തെ ശ്യാംമോഹന്‍, ശ്രീനേഷ്, റസീഖ്, എ. ആര്‍ ക്യാമ്പിലെ സോജിത്ത്, ഷിജു, മഹേഷ്, കെ.ഷിജു, ഇരിട്ടിയിലെ സുജിത്ത്, അജിത്ത്, ഉദയന്‍, കരിക്കോട്ടക്കരിയിലെ ആന്റണി, കെ. എ.പിയിലെ സാജിത്ത്, വിജിത്ത്, പയ്യന്നൂരിലെ പ്രശാന്ത്, കൂത്തുപറമ്പിലെ രജീഷ് കുമാര്‍, പ്രദീപന്‍, സന്തോഷ്, സതീശന്‍, കണ്ണവത്തെ സുജിത്ത്, മട്ടന്നൂരിലെ രാജീവന്‍, അഭിലാഷ്, പുരുഷു, ശോഭിത്ത് എന്നിവര്‍ക്കാണ് പരിക്കേററത്.

keywords: Kerala, Kannur, Kottiyoor, Police, Collector, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم