'മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നത് കല്ലുവച്ച നുണ'

കണ്ണൂര്‍: വായാടിത്തം പറയുന്ന നേതാക്കളെ അടക്കി നിര്‍ത്താന്‍ പിണറായി വിജയന് കഴിയണമെന്നും മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ച് കല്ലുവച്ച നുണകള്‍ പറയുകയാണ് സി.പി.എം നേതൃത്വമെന്നും കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ കെ.സുധാകരന്‍ എം.പി പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷമായി യു.ഡി.എഫ് സര്‍ക്കാരിനെ തകര്‍ക്കുവാന്‍ ഇടതുപക്ഷം പല ആരോപണങ്ങളും ഉന്നയിച്ചു. എന്നാല്‍ പ്രതിസന്ധികളില്‍ തല കുനിക്കാത്ത മുഖ്യമന്ത്രിയെ ശാരീരികമായി തളര്‍ത്തി പിടിച്ചുകെട്ടുക എന്ന രാഷ്ട്രീയ തന്ത്രമാണ് സി.പി.എം ഇവിടെ പ്രയോഗിച്ചത്. മുഖ്യമന്ത്രിയെ തകര്‍ക്കാനുള്ള ഇടതുപക്ഷത്തിന്റെ അവസാനത്തെ ആയുധമായിരുന്നു ഈ അക്രമണമെന്നും സുധാകരന്‍ പറഞ്ഞു.
K. Sudakaran mp


ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ ക്വട്ടേഷന്‍ സംഘത്തിലൊരാളായ മധുര ജോഷിയെ ഇറക്കി മുഖ്യമന്ത്രിക്ക് നേരെ അക്രമണം അഴിച്ചുവിട്ടത് താനാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആരോപിച്ചു.

എന്നാല്‍ സി.പി.ഐ ഇറക്കിയ ചാവേര്‍പ്പടയില്‍ ഒരാളാണ് മധുര ജോഷി. ഇയാള്‍ മരിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. അതുകൊണ്ട് തന്നെ ജയരാജന്റെ ആരോപണം വസ്തുതാപരമല്ല. ഈ അക്രമണത്തിന് പിന്നില്‍ തന്റെ ക്വട്ടേഷനാണെന്ന് ഉറപ്പിച്ചു പറയുവാന്‍ പിണറായി വിജയന് കഴിയുമോ എന്നും സുധാകരന്‍ ചോദിച്ചു.

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് ഇടതുപക്ഷമാണെന്ന് മാധ്യമങ്ങള്‍ പുറത്ത് വിട്ട ചിത്രങ്ങളിലൂടെ വ്യക്തമാണ്. അക്രമണത്തില്‍, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും ചുഴലി സര്‍വ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമായ രാജേഷ് , അഴീക്കോട് ജില്ലാ ബാങ്ക് ജീവനക്കാരനായ സജിത്ത് , അധ്യാപകനും പെരിങ്ങോം പോലീസ് സ്‌റ്റേഷന്‍ അക്രമണക്കേസിലെ പ്രതിയുമായ ടി.വി അനീഷ് എന്നിവരുടെ പങ്ക് വ്യക്തമാണ്. ഇവരുടെ അറസ്‌റ്റോടെ ഇവര്‍ സി.പി.എംന് ഒരു ബൂമറാംഗ് ആയി മാറും.

കൂത്തുപറ്റമ്പ് സംഭവത്തിന് സമാനമായ സംഭവമാണ് കണ്ണൂരില്‍ നടന്നിരിക്കുന്നത്. തിരഞ്ഞെടുത്ത ക്രിമിനലുകളെയാണ് സി.പി.എം കണ്ണൂരില്‍ കൊണ്ടുവന്നത്. കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാനായിരുന്നെങ്കില്‍ പിന്നെന്തിന് കയ്യില്‍ കത്തിയും വടിവാളും കരുതി....? അക്രമത്തിന് കുഞ്ഞാടുകളെ അഴിച്ച് വിടുന്‌പോള്‍ ബുദ്ധി ഉപദേശിച്ച് കൊടുക്കാന്‍ സി.പി.എം നേതൃത്വം ശ്രമിക്കണമായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.

അക്രമണത്തില്‍ കണ്ണൂരിലെ ഇന്റലിജന്‍സ് മേധാവി തയ്യാറാക്കിയ റിപ്പോര്‍ട്ട് കോണ്‍ഗ്രസിനെ പ്രതി ചേര്‍ക്കുന്നതാണ്. അദ്ദേഹം സി.പി.എം അനുഭാവിയാണ് എന്നതാണ് ഇതിനു കാരണം. സി.പി.എം ന്റെ കള്ളക്കളികളുടെ ജീവിക്കുന്ന തെളിവുകളാണ് ഈ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ സത്യാവസ്ഥയെ കുറിച്ച് അധികൃതര്‍ അന്വേഷിക്കണം.

മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ കഴിയാത്തത് പോലീസിന്റെ കഴിവുകേടാണ്. ഇതില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കുററപ്പെടുത്തുന്നത് ശരിയല്ല. എന്നാല്‍ അക്രമസമയത്ത് വെടിവെക്കാതെ ആത്മസംയമനം പാലിച്ചതില്‍ പൊലീസിന് അഭിമാനിക്കാമെന്നും കെ. സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Keywords: Kerala, Kannur, Oommen Chandy, Pinarayi Vijayan, CPM, K. Sudhakaran M.P, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم