കണ്ണൂര്‍: അക്ഷരാത്ഥത്തില്‍ മാലിന്യ നരകമായി കണ്ണൂര്‍ മാറിയിട്ട് മാസങ്ങളായിട്ടും അതു നീക്കം ചെയ്യാതെ ഭരണക്കാര്‍തമ്മില്‍ ഗ്രൂപ്പു പോരിന്റെ വിഴുപ്പലക്കാന്‍ മത്‌സരിക്കുന്നു. മൈസൂര്‍ ലായനി തളിക്കല്‍, ബയോഗ്യാസ് പ്‌ളാന്റ് തുടങ്ങി ജനങ്ങളുടെ കണ്ണില്‍പൊടിയിടാനായി എണ്ണിയാലൊടുങ്ങാത്ത വാഗ്ദ്ധാനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഒന്നും നടപ്പിലായില്ല.
ഏറ്റവും ഒടുവില്‍ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ ബയോഗ്യാസ് പ്‌ളാന്റ് സ്ഥാപിക്കുന്നതിനായി അനുമതിക്ക് വേണ്ടി മുഖ്യമന്ത്രിയെയും നഗരവികസന വകുപ്പ് മന്ത്രിയെയും കാണാന്‍ വേണ്ടി ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ പോയെങ്കിലും ക്വട്ടേഷന്‍ നല്‍കിയ കമ്പനി ഒന്നുമാത്രമെയുളളൂവെന്ന് പറഞ്ഞ് അതും തളളി.
കഴിഞ്ഞ ഒരുവര്‍ഷത്തിലേറെ ചേലോറയിലെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ സമരം നടത്തുന്നവരെ ഇനി എന്തുപറഞ്ഞ് പറ്റിക്കും എന്നറിയാതെ കുഴങ്ങുകയാണ് നഗരസഭ.
കാര്യങ്ങള്‍ വേനല്‍ചൂടുപോലെ കത്തിനില്‍ക്കുമ്പോഴാണ് ബയോഗ്യാസ് പ്‌ളാന്റിന്റെ കരാര്‍കൊടുക്കാന്‍ നിശ്ചയിച്ച കമ്പനിയെ ചൊല്ലി നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.സി ശ്രീജയും ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മീറാവത്‌സനും കൗണ്‍സില്‍ യോഗം കഴിഞ്ഞപ്പോള്‍ പരസ്യമായി ഏറ്റുമുട്ടിയത്.
കൗണ്‍സില്‍ യോഗം കഴിഞ്ഞയുടനെയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റുഭരണ–പ്രതിപക്ഷ അംഗങ്ങള്‍ക്കും മുമ്പില്‍ ചക്കാളത്തി പോരാട്ടം നടന്നത്. കരാര്‍ കൊടുക്കാന്‍ നിശ്ചയിച്ച കമ്പനിക്ക് വന്‍പദ്ധതികളൊന്നും ഏറ്റെടുത്തു നടത്തിയ ചരിത്രമില്ലെന്ന് മീറാവത്‌സന്‍ കൗണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയതാണ് ചെയര്‍പേഴ്‌സനെ ചൊടിപ്പിച്ചത്.
രോഷം കൊണ്ട് പുലിയെപ്പോലെ ചീറിയടുത്ത ശ്രീജ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതു പാര്‍ട്ടിക്കുളളില്‍ തന്നെ പറയണമെന്ന് ആക്രോശിച്ചു. പാര്‍ട്ടിയെ കുറിച്ചൊന്നും പറയേണ്ട, ഞാന്‍ അടുക്കളയില്‍ നിന്നല്ല കെ.എസ്. യുവില്‍ നിന്നാണ് കോണ്‍ഗ്രസിലേക്ക് വന്നതെന്നായി മീറ. ഒടുവില്‍ വാക്കേറ്റം മൂര്‍ച്ഛിച്ചപ്പോള്‍ ഗോഡ് ഫാദര്‍മാരെകാട്ടി വിരട്ടേണ്ടെന്നും ഞാന്‍ ആരുടെയും തണലില്ല കഴിയുന്നതെന്നും മീറാവത്‌സന്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ശ്രീജ പത്തിതാഴ്ത്തി.
ഒടുവില്‍ വിഴുപ്പലാക്കാന്‍ ചേര്‍ന്ന യു.ഡി.എഫ്. കൗണ്‍സില്‍ യോഗത്തില്‍ പതിവുപോലെ കരഞ്ഞും മൂക്കുപിഴിഞ്ഞും ശ്രീജ പ്രശ്‌നങ്ങള്‍ സബൂറാക്കണേയെന്ന് കേണപ്പോള്‍ മീറയും അയഞ്ഞു.
എന്നാല്‍ പുതുതായി ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റ കെ. സുരേന്ദ്രന് കാര്യങ്ങളുടെ പോക്ക് അത്രശരിയായി തോന്നിയില്ല. പുത്തനച്ചി പുരപ്പുറം തൂക്കുന്നതു പോലെ പ്രശ്‌നങ്ങള്‍ ചര്‍ച ചെയ്യാന്‍ രായ്ക്കുരാമാനം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ച് മീറയെയും ശ്രീജയെയും സുരേന്ദ്രന്‍ പാര്‍ട്ടി അച്ചടക്കവടികാണിച്ച് താക്കീതു ചെയ്തു.
സുധാകരനെ ഗോഡ് ഫാദറെന്ന്‌വിളിച്ചതാണ് സുധാകരകാരുണ്യം കൊണ്ട് ഡി.സി.സി. പ്രസിഡന്റായ സുരേന്ദ്രനെ ചൊടിപ്പിച്ചത്. കണ്ണൂരിലെ കോണ്‍ഗ്രസുകാരില്‍ ഭൂരിഭാഗവും സുധാകരന്റെ തണലില്‍ തന്നെയാണ്കഴിയുന്നതെന്ന പൊതുതത്വം മീറയെ ഓര്‍മ്മിപ്പിക്കാനും സുരേന്ദ്രന്‍ മറന്നില്ല. മറ്റുളളവരുടെ വകുപ്പുകയറി കൈയിട്ടുവാരുന്ന ശ്രീജയ്ക്ക് ആക്രാന്തമാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കണ്ണൂര്‍ നഗരസഭയിലെ കോണ്‍ഗ്രസിലെ അഭിപ്രായഭിന്നതകള്‍ ആവര്‍ത്തിക്കാതിരിക്കാനായി ശ്രീജയെ താക്കീത് ചെയ്യാനും മീറയോട് രേഖാമൂലം വിശദീകരണം വാങ്ങാനും പാര്‍ലമെന്ററി പാര്‍ട്ടിയോഗം തീരുമാനിച്ചു.
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ താത്കാലികമായി തീര്‍ന്നെങ്കിലും നഗരത്തിലെ മാലിന്യങ്ങള്‍ കുന്നുപോലെ വളരുന്നത് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ചേലോറിയിലെ മാലിന്യ നിക്ഷേപം നിലച്ചതിനാല്‍ നഗരത്തിന്റെ മുക്കിലും മൂലയിലും മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. കണ്ണൂരിലേക്ക് വരുന്നവരും ഇവിടെതങ്ങുന്നവരും മൂക്കുപൊത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. മാലിന്യം കൊണ്ട് നഗരത്തിലെ വ്യാപാരികളും പൊറുതിമുട്ടിയിരിക്കുകയാണ്.
മാലിന്യം നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം ചെയ്യാനാണ് വ്യാപാരികളുടെ തീരുമാനം. പഌസ, തെക്കിബസാര്‍, ഒണ്ടേന്‍ റോഡ്, താവക്കര, എസ്.എന്‍. പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുതളളുന്ന മാലിന്യങ്ങള്‍ ജീര്‍ണിച്ചതുകാരണം കറുത്ത വെളളം പുറത്തേക്ക് ഒഴുകുകയാണ്. ജനങ്ങളെ നിത്യരോഗികളാക്കുന്ന മാലിന്യകുന്നുകള്‍ക്ക് മുകളിലിരുന്നാണ് നഗരസഭയുടെ ഭരണചക്രംതിരിക്കുന്നവര്‍ ഗ്രൂപ്പുകളിയുടെ വിഴുപ്പലയ്ക്കുന്നത്.
Keywords: Waste, Kannur, Kerala, Municipality, Congress, DCC president Surendran, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
إرسال تعليق