ഷുക്കൂര്‍വധം: തലയൂരാന്‍ ലീഗ് സി.ബി.ഐ അന്വേഷണത്തിന് വഴി തേടുന്നു

Kannur, Kerala, Shukoor Murder case, CBI, IUML, Muslim League,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: ഷുക്കൂര്‍വധക്കേസുമായി ബന്ധപ്പട്ട് ഉയര്‍ന്ന വിഭാഗീയ പ്രശ്‌നങ്ങളില്‍ നിന്നും തലയൂരാന്‍ മുസ്ലീം ലീഗ് നേതൃത്വം സി.ബി. ഐ അന്വേഷണത്തിന് വഴിതേടുന്നു. ഇതുസംബന്ധിച്ചുളള നീക്കങ്ങള്‍ക്ക് പാര്‍ട്ടി സംസ്ഥാന നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടുണ്ട്. സി. ബി. ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ ഉമ്മ ആത്തിക്ക ഒരാഴ്ച്ചകകം ഹൈക്കോടതിയില്‍ ഹര്‍ജി കൊടുക്കുമെന്നാണ് സൂചന.

ഷുക്കൂര്‍ വധക്കേസ് സി.ബി. ഐ അന്വേഷണം ആവശ്യപ്പെട്ട് ആഴ്ച്ചകള്‍ക്കു മുമ്പ് ഷുക്കൂറിന്റെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിവേദനം നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണയുടെ പ്രാരംഭ നടപടികളാരംഭിച്ച കേസായതിനാല്‍ ഈക്കാര്യം ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാരിന് പരിമിതികളുണ്ട്.

സര്‍ക്കാര്‍ നടപടിയുണ്ടാകാത്ത പക്ഷം കോടതിവഴി മാത്രമെ സി.ബി. ഐ അന്വേഷണത്തിനായി സമീപിക്കാന്‍ കഴിയുകയുളളൂ. ഈ പശ്ചാത്തലത്തിലാണ് കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

ഷുക്കൂര്‍വധക്കേസുമായി ബന്ധപ്പെട്ട് പ്രധാനസാക്ഷികളായ മുഹമ്മദ് സാബിറും പി.പി അബുവും തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ ഫയല്‍ ചെയ്ത മാനനഷ്ടകേസില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ഷുക്കൂര്‍വധിക്കപ്പെട്ട ദിവസം തങ്ങള്‍ തളിപ്പറമ്പ് സഹകരണാ ആശുപത്രിയില്‍ പോവുകയോ, പി. ജയരാജന്‍, ടി.വിരാജേഷ് എം. എല്‍. എ എന്നിവര്‍ ഗൂഡാലോചന നടത്തുന്നതായി കാണുകയോ ചെയ്തിട്ടില്ലെന്നാണ് ബോധിപ്പിച്ചത്. ഇതുവന്‍ രാഷ്ട്രീയവിവാദമാവുകയും സി. പി. എം നേതാക്കളെ വ്യാജക്കേസുണ്ടാക്കി ജയിലടച്ചുവന്ന പ്രചരണമുയരുകയും ചെയ്ത സാഹചര്യത്തില്‍ സാക്ഷികളെ കൊണ്ട് മൊഴിതിരുത്തിപ്പറയിപ്പിച്ച് ലീഗ് തലയൂരിയെങ്കിലും വിഭാഗീയത പകല്‍പ്പോലെ വ്യക്തമായി.

ഈ പശ്ചാത്തലത്തിലാണ് അഞ്ചംഗ അന്വേഷണകമ്മിഷന്‍ രൂപീകരിച്ച് മൊഴിമാറ്റാന്‍ പ്രേരണ നല്‍കിയെന്ന് ആരോപിക്കപ്പെട്ട നേതാക്കളടക്കം ആറുപേരെ ലീഗ് പുറത്താക്കാന്‍ തീരുമാനിച്ചത്. നടപടിയെടുക്കാനുളള തീരുമാനം അണികളുടെ രോഷമണയ്ക്കാന്‍ പര്യാപ്തമായെങ്കിലും തളിപ്പറമ്പിലെ വിഭാഗീയത സംസ്ഥാനനേതൃത്വത്തിലും കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. അഴീക്കോട് എം. എല്‍. എ കെ. എം ഷാജിക്കെതിരെ ലീഗിനുളളില്‍ ഉരുത്തിരിഞ്ഞുവന്ന വിമതസംഘം ഷുക്കൂര്‍വധേസിലെ മൊഴിമാറ്റല്‍ എം. എല്‍. എയുടെ കഴിവുകേടാണെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിച്ചത്.

കേസ് നടത്തിപ്പില്‍ ശുഷ്‌കാന്തികാണിക്കാനും സാക്ഷികള്‍ക്ക് സുരക്ഷ നല്‍കാനും നേതൃത്വത്തിനായില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. ഷുക്കൂറിനു മുമ്പ് തളിപ്പറമ്പ് മേഖലയില്‍ സി. പി. എമ്മുകാരാല്‍ കൊല്ലപ്പെട്ട അന്‍വര്‍ വധക്കേസിലും മൊഴിമാറ്റാന്‍ ചില ലീഗ് നേതാക്കള്‍ ശ്രമിച്ചുവെന്ന ആരോപണവും സജീവമായി. ഒടുവില്‍ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കഴിഞ്ഞ ദിവസം തെരുവുയുദ്ധത്തിലെത്തിയതോടെയാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം ഈ വിഷയത്തെ ഗൗരവകരമായി പരിഗണിച്ചത്.

ഷുക്കൂര്‍വധക്കേസിലെ മുഖ്യസാക്ഷികള്‍ മൊഴിമാറ്റിയത് സ്ഥാപിത താത്പര്യക്കാരായ ചില നേതാക്കള്‍ സി.പി. എമ്മുമായി ഒത്തുകളിച്ചതിന്റെ പരിണിതഫലമാണെന്ന് അന്വേഷണകമ്മിഷനും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ശിഹാബ് തങ്ങള്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ കെ.വി സലാംഹാജി, സെയ്ദ് നഗര്‍ ശാഖാട്രഷറര്‍ കെ. പി അഷ് റഫ് എന്നിവരെ തിങ്കളാഴ്ച സംസഥാന അദ്ധ്യക്ഷന്‍ പുറത്താക്കിയത്.നേരത്തെ ശിഹാബ് തങ്ങള്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് മുസ്ലീംലീഗ് നേതൃത്വത്തിനെതിരെ വിമത പ്രവര്‍ത്തനം നടത്തിയ ഇവര്‍ സി. പി. എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് സൂചന.

Keywords: Kannur, Kerala, Shukoor Murder case, CBI, IUML, Muslim League,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم