ഷുക്കൂര്‍ വധം: ഡി.വൈ.എഫ്.ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: എം.എസ്. എഫ് പ്രവര്‍ത്തകന്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു.
ഡി. വൈ. എഫ്. ഐ ജില്ലാ കമ്മിറ്റിയംഗവും തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റുമായ വെള്ളിക്കീല്‍ ആന്തൂര്‍വീട്ടില്‍ എ വി ബാബു (37), സി. പി. എം മോറാഴ വില്ലേജ് കമ്മിറ്റിയംഗം പരിയാരം കോരന്‍പീടികയിലെ ആചാരി സരീഷ്(27) എന്നിവരെയാണ് കണ്ണൂര്‍ ഡിവൈ . എസ്. പി പി സുകുമാരനും സംഘവും അറസ്റ്റ് ചെയ്തത്. ബാബുവിനെ വളപട്ടണം സി. ഐ ഓഫിസില്‍ ചോദ്യംചെയ്യാനായി വിളിപ്പിച്ചപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 27 ആയി. തളിപ്പറമ്പ് നഗരസഭാ മുന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും സി. പി. എം മോറാഴ ലോക്കല്‍ കമ്മിറ്റി അംഗവുമാണ് ബാബു. ഇദ്ദേഹത്തിനു കൊലപാതവുമായി അടുത്ത ബന്ധമുള്ളതായി പോലിസ് കണ്ടെത്തി.
ഷുക്കൂര്‍ ഉള്‍പ്പെടെയുള്ളവര്‍ കീഴറയിലേക്കു തോണിയില്‍ പോവുന്നവിവരം ഇയാള്‍ അറിഞ്ഞിരുന്നു. കൊലപാതകത്തില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെയുള്ളവരുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടതിനും തെളിവു ലഭിച്ചിട്ടുണ്ട്. കൃത്യം നടക്കുമ്പോഴും തൊട്ടുമുമ്പും സി. പി. എം നേതാക്കളുമായും ബന്ധപ്പെട്ടതായി വ്യക്തമായി. സരീഷ് ഷുക്കൂറിനെയും കൂട്ടുകാരെയും കീഴറ വള്ളുവന്‍കടവിലെ ആലക്കീല്‍ മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ തടഞ്ഞുവയ്ക്കുകയും വിചാരണചെയ്യുകയും ചെയ്തവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബാബുവിന്റെ അറസ്‌റ്റോടെ കേസ് അന്തിമഘട്ടത്തിലെത്തി.
പി ജയരാജനെയും ടി വി രാജേഷ് എം.എല്‍.എയെയും ചോദ്യംചെയ്യാനുണ്ട്. ജയരാജനെ ഈമാസം ഒമ്പതിനും രാജേഷിനെ നിയമസഭാ സമ്മേളനം കഴിഞ്ഞശേഷവും ചോദ്യംചെയ്യാനാണു തീരുമാനം.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم