വിവാദ ഫയല്‍ : നഗരസഭാ യോഗത്തില്‍ ബഹളം

കണ്ണൂര്‍: താവക്കരയിലെ ബി.ഒ.ടി ബസ്സ്റ്റാന്റ് പരിസരത്തെ പരസ്യബോര്‍ഡുകള്‍ക്ക് അനുമതി നല്‍കിയതു സംബന്ധിച്ച വിവാദ ഫയല്‍ വൈസ് ചെയര്‍മാന്റെ മുറിയില്‍ നിന്നു കണ്ടെടുത്ത സംഭവത്തെ ചൊല്ലി നഗരസഭാ യോഗത്തില്‍ ബഹളം.
പ്രതിപക്ഷത്തെ പി കെ ഷമീമാണ് വിഷയം ഉന്നയിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സായാഹ്നപത്രങ്ങളിലും മറ്റും ഉടനടി വിവരം നല്‍കുന്നവര്‍ എത്ര ഉന്നതാരായാലും കര്‍ശന നടപടിയെടുക്കണമെന്നും വൈസ് ചെയര്‍മാന്‍ സി സമീര്‍ പറഞ്ഞു. അന്വേഷണം മുന്നോട്ടുപോവുന്നില്ലെന്നും പുകമറ സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമമെന്നും ലീഗ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
എന്നാല്‍ ഇതുസംബന്ധിച്ചു അന്വേഷണം നടക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസിലെ ടി ഒ മോഹനന്റെ ഒഴുക്കന്‍മട്ടിലുള്ള മറുപടി. ഉദ്യോഗസ്ഥ-രാഷ്ട്രീയ മാഫിയയുടെ കൂട്ടുകെട്ടാണ് ഇതിനു പിന്നിലെന്ന് സി സമീര്‍ പറഞ്ഞു. ഒരാഴ്ചയായ സംഭവത്തില്‍ അന്വേഷണം ഏതുവരെയായെന്ന ചോദ്യത്തിനു വ്യക്തമായ മറുപടിനല്‍കാന്‍ സെക്രട്ടറിക്കായില്ല. ഇതിനിടെയാണ് സി.പി.എമ്മിനെയും എസ്.ഡി.പി.ഐയും ലക്ഷ്യംവച്ച് ഭരണമുന്നണിയിലുള്ളവര്‍ ആക്ഷേപമുന്നയിച്ചത്.
വിഷയത്തെ നിസാരമായി കാണരുതെന്ന് പ്രതിപക്ഷത്തെ യു പുഷ്പരാജ് പറഞ്ഞു. നിരവധി ഫയലുകള്‍ കാണാതായതിനു താന്‍ അനുഭവസ്ഥനാണെന്നും വിവാദഫയല്‍ പൊടുന്നനെ വൈസ് ചെയര്‍മാന്റെ മുറിയില്‍ നിന്നു കണ്ടെടുത്തതിനാലാണ് ഇതില്‍ പ്രതിഷേധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതെന്നും എസ്.ഡി.പി.ഐ പ്രതിനിധി കെ പി സുഫീറ മറുപടി നല്‍കി.
സി.ബി.ഐ അന്വേഷിച്ചാല്‍ പോലും സത്യം പുറത്തുവരില്ലെന്നായിരുന്നു ലീഗിലെ അല്‍ത്താഫ് മാങ്ങാടന്റെ മറുപടി. വിഷയം ഗൗരവമായി അന്വേഷിക്കുമെന്ന ചെയര്‍പേഴ്‌സന്‍ എം സി ശ്രീജയുടെ വിശദീകരണത്തോടെയാണ് ബഹളം അവസാനിച്ചത്. ഈ വിഷയത്തിലടക്കം ഭരണമുന്നണിയിലെ കോണ്‍ഗ്രസ്-ലീഗ് ചേരിതിരിവ് പ്രകടമായിരുന്നു. സ്‌റ്റേഡിയം പവലിയനിലെ മുറികളുടെയും വിവിധ സ്ഥലങ്ങളിലെ ബങ്കുകളുടെയും ലൈസന്‍സ് പുതുക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ്സും ലീഗും ചേരിതിരിഞ്ഞാണ് അഭിപ്രായം പറഞ്ഞത്.
റവന്യൂ ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടരുതെന്നും പുതുക്കുമ്പോള്‍ കര്‍ശനമായി പരിശോധിച്ചില്ലെങ്കില്‍ കൗണ്‍സിലര്‍മാര്‍ ഉത്തരവാദികളാവുമെന്നും സമീര്‍ പറഞ്ഞു. ഇതിനെ ലീഗ് കൗണ്‍സിലര്‍മാര്‍ പിന്താങ്ങി. എന്നാല്‍ തീരുമാനമെടുക്കാന്‍ പി.ഡബ്ല്യു.സി കമ്മിറ്റിക്കു വിട്ടതാണെന്നു പറഞ്ഞൊഴിയാനാണ് ടി ഒ മോഹനനും ചെയര്‍പേഴ്‌സനും ശ്രമിച്ചത്. ലൈസന്‍സ് പുതുക്കിനല്‍കാമെന്നാണു അജണ്ടയിലുണ്ടായിരുന്നത്.
കണ്ണൂര്‍ സിറ്റി ടാക്‌സി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ബങ്കിനെച്ചൊല്ലിയും ഭിന്നതയുണ്ടായി. ഓവുചാലിനു മുകളിലായതിനാല്‍ ശുചീകരണത്തിനു തടസ്സമായതിനാല്‍ മാറ്റണമെന്നായിരുന്നു ചെയര്‍പേഴ്‌സന്റെയും ടി ഒ മോഹനന്റെയും നിലപാട്. ഇതുവരെയില്ലാത്ത ശുചിത്വപ്രശ്‌നം ഇപ്പോള്‍ ഉയര്‍ന്നുവന്നതില്‍ അസ്വാഭാവികതയുണ്ടെന്നു തീരുമാനം പുനപരിശോധിക്കണമെന്നും ലീഗ് കൗണ്‍സിലര്‍മാര്‍ വാദിച്ചു.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കിസാന്റെ കാര്‍ഷിക-നടീല്‍ വസ്തുക്കളുടെ പ്രദര്‍ശനത്തിനു മുനിസിപ്പല്‍ ടൗണ്‍ഹാള്‍ പരിസരം അഞ്ചുദിവസത്തേക്ക് സൗജന്യമായി അനുവദിക്കുന്നത് കൗണ്‍സിലില്‍ എതിര്‍പ്പിനിടയാക്കി. ഒടുവില്‍ 2000 രൂപ ഈടാക്കണമെന്ന വൈസ് ചെയര്‍മാന്‍ സി സമീര്‍ അറിയിച്ചതോടെ ചര്‍ച്ച നിലച്ചു. പരിഷ്‌കരിച്ച പരസ്യനികുതി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. നഗരസഭയുടെ കരട് മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാരിലേക്കയച്ച് അനുമതി വാങ്ങാനും ധാരണയായി.
ജില്ലാടൗണ്‍ പ്ലാനര്‍ പദ്ധതി വിശദീകരിച്ചു. സര്‍ക്കാരിന്റെ അനുമതി ലഭിച്ച ശേഷം രണ്ടുമാസം പൊതുജനങ്ങള്‍ക്ക് ആക്ഷേപമുന്നയിക്കാന്‍ അവസരം നല്‍കും. ഇതിനുശേഷമേ കൗണ്‍സില്‍ ചര്‍ച്ചയ്ക്കിടുകയുള്ളൂ. താഴെചൊവ്വ കോറിഡോര്‍, മൂന്ന് അണ്ടര്‍ബ്രിഡ്ജുകളുടെ വീതി 21 മീറ്ററാക്കി വര്‍ധിപ്പിക്കല്‍, രണ്ടു ഫ്‌ളൈ ഓവറുകളുടെ നിര്‍മാണം തുടങ്ങിയ വിവധ നിര്‍ദേശങ്ങളാണ് മാസ്റ്റര്‍ പ്ലാനിലുള്ളത്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم