ചാല ദുരന്തം: ഫോറന്‍സിക് റിപ്പോര്‍ട്ട് അടുത്തയാഴ്ച ക്രൈംബ്രാഞ്ചിനു കൈമാറും.

കണ്ണൂര്‍: ചാലയില്‍ എല്‍പിജി ബുള്ളറ്റ് ടാങ്കര്‍ പൊട്ടിത്തെറിച്ചു 20 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം സംബന്ധിച്ചുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് അടുത്തയാഴ്ച അവസാനത്തോടെ ക്രൈംബ്രാഞ്ചിനു കൈമാറും. ഫോറന്‍സിക് വിഭാഗം അന്വേഷണവുമായി ബന്ധപ്പെട്ട അവലോകനങ്ങളും വിലയിരുത്തലും തിങ്കളാഴ്ച മുതല്‍ തിരുവനന്തപുരത്ത് നടക്കും. ലോറിയുടെ അമിത വേഗതയും ടാങ്കറിന്റെ കാലപ്പഴക്കവുമാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ദുരന്തത്തിനിടയാക്കിയ ടാങ്കറിന്റെ ഡമ്മി ഉപയോഗിച്ചു അപകടം പുനസൃഷ്ടിച്ചായിരുന്നു ഫോറന്‍സിക് വിഭാഗം പരിശോധന പൂര്‍ത്തിയാക്കയത്. അതിനിടെ ടാങ്കര്‍ ലോറി പഴയ വാഹനങ്ങളുടെ ഭാഗങ്ങള്‍ ഉപയോഗിച്ചു നിര്‍മിച്ചതാണെന്നും ബുള്ളറ്റ് ടാങ്കര്‍ നിര്‍മിച്ച ലോഹത്തില്‍ കലര്‍പ്പുണ്ടായിരുന്നുവെന്നുമുള്ള സംശയം ബലപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്നു അവശിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി പൂനയിലെ നാഷണല്‍ ഫിസിക്കല്‍ ലാബിലേക്കയക്കാനും ഫോറന്‍സിക് വിഭാഗം ശിപാര്‍ശ ചെയ്തു. പൂനെയിലെ പരിശോധനയ്ക്കു കാലതാമസം നേരിടുമെങ്കില്‍ മുംബൈ ഐഐടിയിലേക്കോ എളുപ്പം പരിശോധ പൂര്‍ത്തിയാക്കാന്‍ സാധ്യമാവുന്ന മറ്റേതെങ്കിലും ഐഐടി ലാബിലേക്കോ അയക്കാനാണ് തീരുമാനം. എന്നാല്‍ ഇതിന്റെ പരിശോധനാ ഫലം റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിനെ ബാധിക്കില്ലെന്നു ഫോറന്‍സിക് വൃത്തങ്ങള്‍ വ്യക്തമാക്കി. ടാങ്കറില്‍ നിന്നു ഗ്യാസ് ലീക്കായതും തുടര്‍ന്നു പൊട്ടിത്തെറിയിലേക്കു നയിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ക്രൈംബ്രാഞ്ചിനു നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുക. തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബിലെ എക്‌സ്‌പ്ലോസീവ് വിഭാഗം അസി. ഡയറക്ടര്‍ എം.കെ. അജിത് കുമാര്‍, ബി. ആര്യ (ഫിസിക്‌സ്) കണ്ണൂര്‍ ഫോറന്‍സിക് ലാബിലെ അസി. ഡയറക്ടര്‍മാരായ ടി. സച്ചിദാനന്ദന്‍ (കെമിസ്ട്രി), ഡോ. ജയചന്ദ്രന്‍ എന്നിവരടങ്ങിയ സംഘമായിരുന്നു ചാലയിലെത്തി ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കിയത്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم