യൂത്ത്‌ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം : രണ്ടു പേര്‍ അറസ്റ്റില്‍

ഇരിട്ടി : തില്ലങ്കേരിയില്‍ കാവുംപടിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് വേട്ടറ്റ സംഭവത്തില്‍ രണ്ട് സി പി എം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ ഇരിട്ടി പോലീസ് കേസെടുത്തു. ആകെ എട്ട് പേരാണ് കേസിലുള്ളത്. വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് കാവുംപടിയില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. കണ്ണോത്ത് ഷഹീര്‍ എന്ന യൂത്ത്‌ലീഗ് പ്രവര്‍ത്തകനെ പള്ളിയിലേക്ക് പോകവെ വീടിനടുത്ത റോഡില്‍ വാള്‍ ഉപയോഗിച്ച് തലക്ക് വെട്ടുകയും ഇരുമ്പ് വടികൊണ്ട് അടിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടയില്‍ അക്രമി സംഘത്തിലെ ഒരാള്‍ അരയില്‍ നിന്നും റിവോള്‍വര്‍ എടുത്ത് വെടിയുതിര്‍ക്കാനും ശ്രമിച്ചു. ഈ തോക്ക് നിലത്ത് വീണ് കിടക്കുന്ന നിലയില്‍ സംഭവസ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ സി പി എം പ്രവര്‍ത്തകരായ കാവുമ്പായി വാഹിദ് മന്‍സിലില്‍ മുഹമ്മദലി (36), ഷാന മന്‍സിലില്‍ ഷാലു (19) എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്. അക്രമി സംഘത്തില്‍പെട്ടവരും, തിരിച്ചറിഞ്ഞവരുമായ മൊയ്തീന്‍, ലജീഷ് എന്നിവരടക്കം ആറ് പേര്‍ ഇപ്പോള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഓട്ടോ െ്രെഡവറായ ഷാലുവിനെ മട്ടന്നൂരില്‍ വെച്ചും മുഹമ്മദലിയെ കാവുംപടിയില്‍ വെച്ചുമാണ് വെളളിയാഴ്ച പുലര്‍ച്ചെ ഇരിട്ടി എസ് ഐ കെ ജെ ബിനോയിയും സംഘവും കസ്റ്റഡിയിലെടുത്തത്.
സി പി എമ്മിന്റെ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ കാവുംപടിയില്‍ സി പി എംമുസ്ലീംലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതേ തുടര്‍ന്ന് കൊടിമരം സ്ഥാപിക്കാന്‍ നിര്‍മ്മിച്ച തറ പോലീസ് പൊളിച്ചു നീക്കി. തുടര്‍ന്ന് സി പി എംയൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും അടിപിടിയും നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വെട്ടേറ്റ ഷഹീറിനെതിരെ സി പി എം പ്രവര്‍ത്തകനും ഇപ്പോഴത്തെ അക്രമ സംഭവത്തില്‍ പ്രതിയുമായ ഷാലുവിനെതിരെ പരാതി നല്‍കിയിരുന്നു. തന്നെ മര്‍ദ്ദിച്ചതായി കാണിച്ച് ഷാലുവും പരാതി നല്‍കിയിരുന്നു. മൂന്നാഴ്ചകള്‍ക്ക് മുമ്പായിരുന്നു ഈ സംഭവം. ഇതിന്റെ തുടര്‍ച്ചയായിരിക്കാം ഇന്നലത്തെ അക്രമ സംഭവങ്ങളെന്ന് പോലീസ് കരുതുന്നു. സംഭവ സ്ഥലത്ത് നിന്നും പോലീസിന് കിട്ടിയ റിവോള്‍വറിനെ കുറിച്ച് വിദഗ്ദ്ധ പരിശോധനക്കായി ആര്‍മര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നുണ്ട്. ഇത് എയര്‍ ഗണ്ണാണെന്നും പറയപ്പെടുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് തില്ലങ്കേരി പഞ്ചായത്തില്‍ യു ഡി എഫ് ഹര്‍ത്താല്‍ ആചരിച്ചു. വാഹനങ്ങള്‍ സര്‍വീസ് നടത്തിയെങ്കിലും വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. ഇരിട്ടി ഡിവൈ എസ് പി എം പ്രദീപ്കുമാര്‍, സി ഐ വി വി മനോജ്, ഇരിട്ടി സബ് ഡിവിഷനിലെ എസ് ഐമാര്‍ എന്നിവരടങ്ങുന്ന വന്‍ പോലീസ് സംഘം തില്ലങ്കേരി, കാവുംപടി മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി.
സി പി എം അക്രമത്തില്‍ യൂത്ത്‌ലീഗ് സംസ്ഥാന വൈസ്.പ്രസിഡന്റ് കെ പി താഹിര്‍ പ്രതിഷേധിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم