ഷുക്കൂര്‍ വധം: ടി.വി.രാജേഷ് എം.എല്‍.എയെ 30നു ചോദ്യം ചെയ്യും

കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ തളിപ്പറമ്പ് അരിയിലെ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എം.എല്‍.എയെ ഈ മാസം 30നു ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു വിധേയനാകണമെന്നു ആവശ്യപ്പെട്ടു രേഖാമൂലമുള്ള കത്ത് ടി.വി. രാജേഷിന്റെ പിതാവ് വി.വി. ചന്തുക്കുട്ടിക്ക് അന്വേഷണ സംഘം കൈമാറി. കേസ് അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സി.ഐ. യു. പ്രേമന്‍ ബുധനാഴ്ച രാവിലെ രാജേഷിന്റെ പിലാത്തറ കുളപ്പുറത്തെ വീട്ടില്‍ എത്തിയാണ് കത്ത് കൈമാറിയത്. 30നു രാവിലെ 11നു കണ്ണൂര്‍ സി.ഐ. ഓഫീസില്‍ ഹാജരാകാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍, കേസ് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന കണ്ണൂര്‍ ടൗണ്‍ ഡി.വൈ.എസ്.പി. പി. സുകുമാരന്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് രാജേഷിനെ ചോദ്യം ചെയ്യുക.
രാജേഷിനെ ജൂണ്‍ 17നു ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യം ചെയ്യലിനു വിധേയനാകാന്‍ എത്താനാകില്ലെന്നു കാണിച്ചു രാജേഷ് രേഖാമൂലം മറുപടി അന്വേഷണ സംഘത്തിനു നല്‍കി. ഇതേ തുടര്‍ന്നു ചോദ്യം ചെയ്യല്‍ നിയമസഭാ സമ്മേളനം കഴിഞ്ഞു മതിയെന്നു പോലീസ് തീരുമാനിക്കുകയായിരുന്നു. എം.എല്‍.എയായതിനാല്‍, നിയമസഭാ സ്പീക്കറുടെ പ്രത്യേക അനുമതി വാങ്ങിയാണ് രാജേഷിനെ ചോദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ടു സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ രണ്ട് തവണ ചോദ്യം ചെയ്തിട്ടുണ്ട്. ജയരാജന്റെ മൊഴിയും രാജേഷിന്റെ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ടോയെന്നതാകും അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുക. രണ്ട് തവണ ചോദ്യം ചെയ്തതില്‍ ജയരാജന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് സൂചന. കൊലപാതക ഗൂഢാലോചന നടത്തിയത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ അടച്ചിട്ട മുറിയില്‍ ടി.വി. രാജേഷും പി. ജയരാജനും ഉള്‍പ്പെട്ട സംഘമാണെന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم