വിമുക്ത ഭടന്‍ വെടിയേററും, ഭാര്യ തൂങ്ങിയും മരിച്ച നിലയില്‍

കണ്ണൂര്‍ : മട്ടന്നൂരിനടുത്ത നായാട്ടുപാറയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. നായാട്ടുപാറ കരടികയറ്റം കൃഷ്ണകൃപയില്‍ മധുസൂദനന്‍ (43), ഭാര്യ ബിന്ദു (36) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ താഴത്തെ കിടപ്പറയില്‍ ബിന്ദുവും മുകളിലത്തെ കിടപ്പറയില്‍ മധുസൂദനനും മരിച്ചു കിടക്കുകയായിരുന്നു.
മധുസൂദനന്‍ വെടിയേറ്റ് മരിച്ച നിലയിലായിരുന്നു. മധുസൂദനന്‍ തന്റെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ഒരു വര്‍ഷം മുമ്പാണ് മധുസൂദനന്‍ അതിര്‍ത്തി രക്ഷാസേനയില്‍ നിന്നും വിരമിച്ചത്. കഴിഞ്ഞ മൂന്ന് മാസക്കാലമായി എറണാകുളത്ത് സെക്യൂരിറ്റി ഗാഡായി ജോലി ചെയ്തുവരികയാണ്. താഴെ കിടപ്പറയില്‍ തുണിയിലാണ് ബിന്ദു തൂങ്ങിമരിച്ചത്. മക്കളായ അപര്‍ണയും അനന്യയും രാവിലെ എഴുന്നേറ്റപ്പോഴാണ് അമ്മയും അച്ഛനും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരുടെ നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടുകയായിരുന്നു. രാത്രി 9 മണിയോടെയാണ് എല്ലാവരും ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നത്. അടുക്കളയില്‍ ചോറും ഫ്രൂട്ടുകളും ബാക്കിവെച്ച നിലയിലാണുള്ളത്.
മട്ടന്നൂര്‍ കയനിയിലെ ബാലകൃഷ്ണന്‍ നമ്പ്യാര്‍, ഭാര്‍ഗവി ദമ്പതികളുടെ മകളാണ് മരിച്ച ബിന്ദു. ചന്ദ്രന്‍, സന്തോഷ്, സിന്ധു, ഷീല എന്നിവര്‍ സഹോദരങ്ങളാണ്. മരണപ്പെട്ട മധുസൂദനന്‍ കൃഷ്ണന്‍ നമ്പ്യാര്‍ ദേവി ദമ്പതികളുടെ മകനാണ്. ഗോപി, അനിത സഹോദരങ്ങളാണ്. എസ് പി രാഹുല്‍ ആര്‍ നായര്‍, മട്ടന്നൂര്‍ സി ഐ സി എ സജീവന്‍, എസ് ഐ പി ആര്‍ ബിജു, വനിതാ എസ് ഐ സാലി ജോസഫ്, ഡോഗ് സ്‌ക്വാഡ് എന്നിവരും സംഭവ സ്ഥലത്തെത്തി. നാടിനെ നടുക്കിയ മരണവാര്‍ത്തയറിഞ്ഞ് വന്‍ ജനാവലി സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയി.
കാലത്ത് ബിന്ദുവിന്റെ സഹോദരന്‍ സന്തോഷ് ഫോണ്‍ വിളിച്ചപ്പോള്‍ ആരുംഎഴുന്നേറ്റിരുന്നില്ലത്രെ. രണ്ടാമതും എട്ടരയോടെ സന്തോഷ് ഫോണ്‍ വിളിച്ച നേരമാണ് കുട്ടികള്‍ ഉണര്‍ന്നത്. ഫോണ്‍ എടുത്ത് കിടപ്പറയില്‍ ചെന്ന് നോക്കിയപ്പോഴാണ് അമ്മ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മക്കള്‍ രണ്ടുപേരും മറ്റൊരു മുറിയിലാണത്രെ ഉറങ്ങിയത്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم