കരിവെള്ളൂര്‍ ഏവണ്‍ ലൈബ്രറിക്ക് പുരസ്‌കാരം സമ്മാനിച്ചു

പയ്യന്നൂര്‍: തളിപറമ്പ് താലുക്കിലെ മികച്ച ലൈബ്രറിക്കുള്ള കടിഞ്ഞിയില്‍ നാരായണന്‍ നായര്‍ സ്മാരക പുരസ്‌കാരം കരിവെള്ളൂര്‍ ഏവണ്‍ ലൈബ്രറിക്ക് വിതരണം ചെയ്തു.
ഏവണ്‍ ലൈബ്രറിയില്‍ നടന്ന സാസംസ്‌കാരിക സമ്മേളനം സി കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എ കെ ചന്ദ്രന്‍ പുരസ്‌കാരം വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി പി കെ ബൈജു അധ്യക്ഷനായി. കടിഞ്ഞിയില്‍ നാരായണന്‍ നായരെ അനുസ്മരിച്ചു കൊണ്ട് എന്‍ കെ നാരു ഉണിത്തിരി സംസാരിച്ചു. കരിവെള്ളൂര്‍ പെരളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ പി തമ്പാന്‍, ലൈബ്രറി കൗണ്‍സില്‍ തളിപറമ്പ് താലുക്ക് പ്രസിഡന്റ് എം വി ഗോവിന്ദന്‍, കെ നാരായണന്‍, ടി പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. താലുക്ക് സെക്രട്ടറി വൈക്കത്ത് നാരായണന്‍ സ്വാഗതവും ഏവണ്‍ ലൈബ്രറി പ്രസിഡന്റ് എന്‍ കെ വാസുദേവന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഏവണ്‍ ലൈബ്രറി ബാലവേദി അംഗങ്ങള്‍ അവതരിപ്പിച്ച കാവ്യാഞ്ജലി അരങ്ങേറി.
1975ല്‍ ആരംഭിച്ച ഏവണ്‍ ലൈബ്രറി ജില്ലയിലെ പ്രധാന എ ഗ്രേഡ് ലൈബ്രറിയാണ്. 2075 അംഗങ്ങളുള്ള ഇവിടെ 13,844 പുസ്തകങ്ങളുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം, ഡിജിറ്റല്‍ ലൈബ്രറി, റഫറന്‍സ് ലൈബ്രറി എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم