വിശുദ്ധമാസത്തില്‍ പുതുജീവിതത്തിനുള്ള തയാറെടുപ്പുമായി തടവുകാര്‍

കണ്ണൂര്‍: ജയിലറകള്‍ക്കുള്ളിലായാലും ജീവിതത്തില്‍ മുറുകെ പിടിക്കുന്ന വിശ്വാസങ്ങളില്‍ വിട്ടു വീഴ്ചയില്ലെന്നു തെളിയിക്കുകയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഏതാനും തടവുകാര്‍. ജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റുകള്‍ക്കെല്ലാം മനസുകൊണ്ടു പ്രായശ്ചിത്തം ചെയ്തു വിശുദ്ധമാസത്തില്‍ പുതുജീവിതത്തിനുള്ള തയാറെടുപ്പിലാണ് ഇവിടുത്തെ മുസ്്‌ലിം വിശ്വാസികളായ 47 ശിക്ഷാ തടവുകാര്‍. പലതരത്തിലുള്ള ജീവിതസാഹചര്യത്തിലും വ്യത്യസ്തങ്ങളായ കുറ്റകൃത്യങ്ങളുടെയും പേരിലാണ് ഓരോരുത്തരും ജയിലറകള്‍ക്കുള്ളില്‍ എത്തിയതെങ്കിലും വിശുദ്ധമാസത്തില്‍ മനസുകൊണ്ടും ശരീരം കൊണ്ടും പൂര്‍ണമായും ദൈവത്തിലേക്കടുത്ത് തെറ്റുകള്‍ തിരുത്താനുള്ള ഇവരുടെ ശ്രമങ്ങള്‍ത്തു ജയിലധികൃതരും നിസീമമായ പിന്തുണയാണ് നല്‍കുന്നത്. ഇതരമതസ്ഥരായവരുടെ പരിപൂര്‍ണ പിന്തുണയും ഇവര്‍ക്കു ലഭിക്കുന്നുണ്ട്.
സാധാരണ രീതിയില്‍ നിന്നും വ്യത്യസ്തമായി ജയില്‍ നിയമങ്ങളില്‍ നിന്നും വ്യത്യസ്തമായി വിശ്വാസികളുടെ ആചാരാനുഷഠാനങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും അതു പ്രകാരമാണ് സംവിധാനങ്ങള്‍ ആവിഷ്‌ക്കരിച്ചതെന്നും ജയില്‍വെല്‍ഫെയര്‍ ഓഫീസറായ കെ.വി. മുകേഷ് പറഞ്ഞു. വിശ്വാസികളെ മൂന്നാം ബ്ലോക്കില്‍ പ്രത്യേകമായി താമസിപ്പിച്ചാണു വ്രതാനുഷ്ഠാനത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അതിരാവിലെ സ്വയം ഭക്ഷണമുണ്ടാക്കി കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ 2.30 ന് ഉണര്‍ന്നാണ് വിശ്വാസികള്‍ നോമ്പുനോല്‍ക്കാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നത്. അതിരാവിലെ ഉണരുന്ന സംഘാംഗങ്ങള്‍ കൂട്ടായി ഭക്ഷണം പാകം ചെയ്തു കഴിക്കും. ജയില്‍ റേഷന്‍ പ്രകാരം ഓരോ തടവുകാരനും പ്രതിദിനം അനുവദിച്ച ഭക്ഷ്യവസ്തുക്കള്‍ പാചകം ചെയ്യാതെ വ്രതാനുഷ്ാഠാനക്കാര്‍ക്കു നല്‍കുന്ന രീതിയാണ് ഇവര്‍ക്കായി ഒരുക്കിയരിക്കുന്നത്. ചില അവസരങ്ങളില്‍ സമീപപ്രദേശങ്ങളിലെ പള്ളികളില്‍ നിന്നും നല്‍കുന്ന ഭക്ഷ്യവസ്തുക്കളും നല്‍കും. നോമ്പുതുറയക്കുള്ള കാരക്ക ജയില്‍ കാന്റീനിലൂടെയും അധികൃതര്‍ ലഭ്യമാക്കുന്നുണ്ട്. അടുത്ത റംസാനും പെരുന്നാളും കുടുംബത്തിന്റെ കൂടെയാകണം എന്ന പ്രാര്‍ഥനയാണ് തങ്ങള്‍ക്കുള്ളതെന്നാണ് നോമ്പു നോല്‍ക്കുന്നവരെല്ലാം ഒരേ ശബ്ദത്തില്‍ പറയുന്നത്. ഇതോടൊപ്പം 15 ദിവസത്തെ നോമ്പിനു ശേഷം ജയിലിലുള്ളവര്‍ക്കു ലളിതമായ രീതിയില്‍ ഇഫ്താര്‍ വിരുന്നു നല്‍കണമെന്ന ആഗ്രഹമുണ്ടെന്നും സര്‍വശക്തനായ ദൈവം ഇതിനനുഗ്രഹിക്കുമെന്നുമാണ് പ്രതീക്ഷയെന്നും ഇവര്‍ പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم