ആനക്കുളം പദ്ധതി അടിയന്തരമായും നടപ്പാക്കണം

കണ്ണൂര്‍: ആനക്കുളം പദ്ധതി അടിയന്തരമായും നടപ്പാക്കണമെന്ന് ജനകീയ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി സമര്‍പ്പിച്ച 2.7 കോടി രൂപയുടെ പദ്ധതിയാണ് എവിടെയും എത്താതെ നില്‍ക്കുന്നത്.
2001ലാണ് ആനക്കുളം നവീകരണം എന്ന ആശയം മുന്നോട്ട് വെച്ചത്. ആര്‍കിടെക്ട് മധുകുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് മാനാഞ്ചിറ മാതൃകയില്‍ ആനക്കുളം വികസിപ്പിക്കാമെന്നായിരുന്നു. 1.3 ഏക്കര്‍ സ്ഥലത്ത് മൂന്ന് ഘട്ടമായിരുന്നു പദ്ധതി സമര്‍പ്പിച്ചത്. ഒന്നാം ഘട്ടത്തില്‍ കുളത്തിലെ മാലിന്യം മുഴുവന്‍ മാറ്റുകയും ഭിത്തി കെട്ടി സംരക്ഷിക്കുകയും ചെയ്യുക. 1.33 കോടി രൂപയാണ് ഇതിന് കണക്കാക്കിയത്. രണ്ടാംഘട്ടത്തില്‍ കുട്ടികളുടെ പാര്‍ക്ക്, ആംഫി തിയേറ്റര്‍ എന്നിവയും മൂന്നാംഘട്ടത്തില്‍ ലഘു ഭക്ഷണശാല, പാര്‍ക്കിംഗ് ഏരിയാ എന്നിവയാണ് ഉദ്യേശിച്ചത്. ഇതിനായി 41 ലക്ഷം, 33.5 ലക്ഷത്തിന്റെയും പദ്ധതി സമര്‍പ്പിച്ചു. തുടര്‍ന്ന് കുളത്തില്‍ മഴവെള്ളം ശേഖരിച്ച് വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയുമണ്ട്. മധുകുമാര്‍ തയ്യാറാക്കിയ പ്രൊജക്ട് തത്വത്തില്‍ അംഗീകരിക്കുകയും വാട്ടര്‍ അതോറിറ്റി, പൊല്യൂഷന്‍ വകുപ്പ് എന്നിവരുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചെങ്കിലും പിന്നീട് വെളിച്ചം കണ്ടില്ല.
ആനക്കുളം പദ്ധതി കണ്ണൂരിന്റെ മുഖഛായ മാറ്റുന്നതാണെന്നും വികസനത്തില്‍ എല്ലാവരും ഒന്നിക്കണമെന്നും കണ്‍വന്‍ഷനല്‍ സംസാരിച്ച സിപിഐഎം ജില്ലാ കമ്മിറ്റിയംഗം അരക്കന്‍ ബാലന്‍ പറഞ്ഞു. നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ സാധിക്കും. ഇതിന് നഗരസഭ മുന്‍കൈ എടുക്കണമെന്ന് അരക്കന്‍ ബാലന്‍ പറഞ്ഞു.
പദ്ധതി നടപ്പാക്കാന്‍ നഗരസഭ ആവശ്യമായത് ചെയ്യുമെന്ന് നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഒ മോഹനന്‍ പറഞ്ഞു. ഫണ്ട് കണ്ടെത്താനുള്ള വിവിധ മാര്‍ഗങ്ങള്‍ ആരായുമെന്നും ടി ഒ മോഹനന്‍ ഉറപ്പ് നല്‍കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നഗരസഭക്ക് തന്നെ പദ്ധതി നടപ്പാക്കാന്‍ സാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് യു പുഷ്പരാജ് പറഞ്ഞു. ഇതിനുള്ള ഇച്ഛാശക്തി ഭരണാധികാരികള്‍ കാണിക്കണം. കെ പി സുധാകരന്‍, കെ രാജീവന്‍, സി പി ദാമോദരന്‍, ടി എന്‍ ലക്ഷ്മണന്‍ എന്നിവരും സംസാരിച്ചു. ആനക്കുളം വാര്‍ഡ് മെമ്പര്‍ ഏറമ്പള്ളി രവീന്ദ്രന്‍ അധ്യക്ഷനായി. കക്കാട് വാര്‍ഡ് മെമ്പര്‍ റഷീദാ മന്‍സൂര്‍ സ്വാഗതം പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم