റോഡ് ഉപരോധിച്ച 59 എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

കണ്ണൂര്‍:തിരുവനന്തപുരത്ത് സമരം നടത്തിയ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോളേജുകളില്‍ പഠിപ്പ് മുടക്കിയ വിദ്യാര്‍ഥികള്‍ പ്രകടനമായെത്തി കണ്ണൂര്‍ നഗരത്തില്‍ റോഡ് ഉപരോധിച്ചു. കാള്‍ടെക്‌സില്‍ ഹൈവേയിലാണ് റോഡില്‍ കുത്തിയിരുന്ന് അരമണിക്കൂറോളം ഗതഗതം തടഞ്ഞത്. സംഭവത്തില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരായ 59 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.40 ഓടെയാണ് നഗരത്തില്‍ പ്രകടനമായെത്തിയ വിദ്യാര്‍ഥികള്‍ കാള്‍ടെക്‌സില്‍ ഹൈവേ ഉപരോധിച്ചത്. സമരം എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി എം.ഷാജര്‍ സ്വാഗതം പറഞ്ഞു. റോഡില്‍ കുത്തിയിരുന്ന വിദ്യാര്‍ഥികളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി. സമരക്കാര്‍ക്ക് ചുറ്റും വലയം തീര്‍ത്ത പോലീസ് വിദ്യാര്‍ഥികളെ തൂക്കിയെടുത്ത് പോലീസ്‌വാഹനത്തില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് അരമണിക്കൂറോളംനേരം ഇവിടെ സംഘര്‍ഷാവസ്ഥയുണ്ടായി. 1.10 ഓടെയാണ് മുഴുവന്‍ പേരെയും അറസ്റ്റുചെയ്ത് നീക്കി ഹൈവേയില്‍ ഗതാഗതം പുനഃസ്ഥാപിക്കാനായത്.
സമരക്കാരെ അറസ്റ്റുചെയ്ത വിവരമറിഞ്ഞ് സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ കാള്‍ടെക്‌സിലെത്തി. തുടര്‍ന്ന് ഇദ്ദേഹവും മറ്റുനേതാക്കളും ടൗണ്‍ പോലീസ്‌സ്‌റ്റേഷനിലേക്ക് നീങ്ങി. സ്‌റ്റേഷനില്‍ സമരക്കാരോട് സംസാരിച്ച് പുറത്തിറങ്ങിയ അദ്ദേഹം പുറത്ത് പ്രതിഷേധ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളെ മടക്കിയയച്ചു. നേതാക്കളായ അരക്കന്‍ ബാലന്‍, വയക്കാടി ബാലകൃഷ്ണന്‍, എം.സുരേന്ദ്രന്‍ തുടങ്ങിവരും സ്‌റ്റേഷനിലെത്തി വിദ്യാര്‍ഥികളെ കണ്ട് സംസാരിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم