ഗാന്ധി പീസ് ബസ്സ് യാത്രാസംഘത്തിന് കണ്ണൂരില്‍ ഉജ്ജ്വല സ്വീകരണം

കണ്ണൂര്‍: അന്തര്‍ സംസ്ഥാന ഗാന്ധി പീസ് ബസ്സ് യാത്രാസംഘത്തിന് മഹാത്മാ മന്ദിരത്തില്‍ സ്വീകരണംനല്‍കി. മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കെ.സുധാകരന്‍ എം.പി. മുഖ്യാതിഥിയായിരുന്നു.
പക്ഷഭേദമില്ലാതെ പ്രതികരിക്കാന്‍ സമൂഹം തയ്യാറാവണമെന്നും സാമൂഹിക തിന്മകള്‍ക്കെതിരെ ജാഗരൂകരായിരിക്കണമെന്നും യാത്രയ്ക്ക് നേതൃത്വം നല്‍കുന്ന കേരള ഗാന്ധിസ്മാരക നിധി വര്‍ക്കിങ് ചെയര്‍മാന്‍ ഡോ. എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.
സംഘര്‍ഷത്തില്‍നിന്ന് സമവായത്തിന്റെ സാഹചര്യം നാം സൃഷ്ടിക്കേണ്ടിയിരിക്കുന്നു. ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട പൗരസമൂഹത്തിന്റെ അഭാവമാണ് ഇവിടെ കാണുന്നത്.
‘യുവജനങ്ങള്‍ ഗാന്ധിജിയുടെ കാല്പാടുകളിലൂടെ’ എന്ന സന്ദേശവുമായി ജൂണ്‍ 17ന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച യാത്ര ജൂലായ് രണ്ടിന് മംഗലാപുരത്ത് സമാപിക്കും. യാത്രയില്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുത്ത യുവതീയുവാക്കളും 15 ഗാന്ധി പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
പരിപാടിയില്‍ ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.പി.നൂറുദ്ദീന്‍ ഗാന്ധിയന്‍മാരെ ആദരിച്ചു. അക്രമത്തിനെതിരെ മാനവമൈത്രി പ്രതിജ്ഞ കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സുമന്‍ ജിത്ത് മീഷ ചൊല്ലിക്കൊടുത്തു. മറ്റുള്ളവര്‍ ഏറ്റുചൊല്ലി.പരിപാടിയില്‍ കെ.പി.എ.റഹിം, സി.കൃഷ്ണന്‍ എം.എല്‍.എ., പ്രൊഫ. കെ.എ.സരള, എം.സി.ശ്രീജ, എ.സമീര്‍, എ.ഷൈജ, പ്രൊഫ. എം.മുഹമ്മദ്, എം.അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. കളക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍ നന്ദിയും പറഞ്ഞു.
പീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഗാന്ധിയന്‍ പീസ് ബസ്സിന് തോട്ടട സെന്റ് ഫ്രാന്‍സിസ് സ്‌കൂളില്‍ സ്വീകരണം നല്‍കി. എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. റവ. ഡോ. സകറിയ കല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. രാധാകൃഷ്ണന്‍ സദ്ഭാവനായജ്ഞം ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ സമാധാന പ്രതിജ്ഞയെടുത്തു.
എ.ഡി.എം. എന്‍.ടി.മാത്യു, സി.എച്ച്.അബൂബക്കര്‍ ഹാജി, ടി.പി.ആര്‍.നാഥ്, കെ.എ.കമലാസനന്‍, ഷാജു ജോണ്‍, ബ്രദര്‍ ജോസഫ് ചാന്ദപ്ലാക്കന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم