കളക്ടറേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷം: ഡിവൈഎഫ്‌ഐ കണ്ണൂര്‍ ബ്ലോക്ക് പ്രസിഡണ്ട് അറസ്റ്റില്‍

കണ്ണൂര്‍: കളക്ടറേറ്റ് ആക്രമിച്ചതിനും പോലീസ് കസ്റ്റഡിയിലുള്ളവരെ ബലമായി മോചിപ്പിച്ചതും ഉള്‍പ്പെടെയുള്ള കേസുകളില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ഡിവൈഎഫ്‌ഐ കണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റുമായ ഒ.കെ. വിനീഷ് അറസ്റ്റില്‍. ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടോടെയാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ വച്ചു ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു ഡിവൈഎഫ്‌ഐ നടത്തിയ കളക്ടറേറ്റ്് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വിനീഷ് ഉള്‍പ്പെടെയുള്ള ഒരു സംഘം പോലീസിന്റെ ബാരിക്കേഡുകള്‍ ചാടിക്കടന്നു കളക്ടറേറ്റില്‍ അക്രമം നടത്തിയിരുന്നു. അക്രമത്തില്‍ കളക്ടറേറ്റിന്റെ മുന്‍വശത്തുള്ള ചില്ലുവാതിലുകളും നിരവധി ഓഫീസുകളിലെ കംപ്യൂട്ടറുകളുംഅടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച എസ്എഫ്‌ഐ കളക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ച വിദ്യാര്‍ഥികളെ പോലീസിനെ ഭീഷണിപ്പെടുത്തി മോചിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ സിപിഎം നേതാക്കളായ കെ.പി. സഹദേവന്‍, പി. രാമചന്ദ്രന്‍, എന്‍.ചന്ദ്രന്‍, വയക്കാടി ബാലകൃഷ്ണന്‍, യു.പുഷ്പരാജ് തുടങ്ങി 20 പേര്‍ക്കെതിരെയും കേസുണ്ട്്. ഈ കേസില്‍ അറസ്റ്റിലാകുന്ന ആദ്യവ്യക്തിയാണ് വിനീഷ്. ട്രാഫിക് സ്റ്റേഷന്‍, ഫോറന്‍സിക് ലാബ് ആക്രമണം എന്നീ കേസുകളും വിനീഷിന്റെ പേരിലുണ്ട്. കോടതില്‍ ഹാജരാക്കിയ വിനീഷിനെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജീസ്‌ട്രേറ്റ് മുബീബ് റഹ്മാന്‍ രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم