സി.വി. ബാലകൃഷ്ണന്റെ യോഗത്തിനു സുരക്ഷയുമായി ആക്ഷന്‍ ഫോഴ്‌സ്

പയ്യന്നൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മിനെവിമര്‍ശിച്ചതിന്റെ പേരില്‍ ഭീഷണി നേരിടുന്ന നോവലിസ്റ്റ് സി.വി. ബാലകൃഷ്ണനു പോലീസിന്റെ മിന്നല്‍സേനയുടെ സുരക്ഷ. ഞായറാഴ്ച അന്നൂരില്‍ സി.വി. ബാലകൃഷ്ണന്‍ പങ്കെടുത്ത പരിപാടിക്കാണു സുരക്ഷയുമായി ആക്ഷന്‍ ഫോഴ്‌സ് രംഗത്തെത്തിയത്.
അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തില്‍ നടന്ന സഞ്ജയന്‍ സാഹിത്യം വെബ്‌സൈറ്റ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷകനായിരുന്നു നാട്ടുകാരന്‍ കൂടിയായ സി.വി. ബാലകൃഷ്ണന്‍. ടി.പി. വധവുമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുമ്പ് പയ്യന്നൂരില്‍ നടത്തിയ സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യവേ സിപിഎം നേതൃത്വം ക്രിമിനല്‍വത്കരിക്കപ്പെട്ടുവെന്നും നേതാക്കളെ ടെലിവിഷനില്‍ കാണുമ്പോള്‍ നാട്ടിന്‍പുറങ്ങളിലെ സ്ത്രീകള്‍ ഭയക്കുകയാണെന്നും സി.വി. ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
ഇതേത്തുടര്‍ന്നു പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും ബാലകൃഷ്ണനെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. അതിനു പിന്നാലെ അദ്ദേഹം താമസിക്കുന്ന പാര്‍ട്ടി ഗ്രാമമായ പീലിക്കോട്ടെ വീട്ടിലും പരിസരത്തും ഭീഷണി പോസ്റ്റര്‍ പതിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണു ബാലകൃഷ്ണന്റെ പരിപാടിക്കു സുരക്ഷയൊരുക്കാന്‍ പോലീസ് തീരുമാനിച്ചത്. പരിപാടിയില്‍ സുരക്ഷയ്ക്കായി ക്വിക്ക് ആക്്ഷന്‍ ഫോഴ്‌സ് അണിനിരന്നതു നാട്ടുകാരില്‍ അമ്പരപ്പുളവാക്കി.
അതേസമയം ഞായറാഴ്ച നടന്ന പരിപാടിയിലും സി.വി. ബാലകൃഷ്ണന്‍ സിപിഎമ്മിനെതിരേ ആഞ്ഞടിച്ചു. കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഇഎംഎസിന്റെ പുസ്തകം അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ കൊലയാളികളുടെ മാതൃഭൂമിയാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. മാരാര്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم